World
Colorado dentist killed wife by poisoning her protein shake
World

കാമുകിക്കൊപ്പം ജീവിക്കണം: ഭാര്യയെ പ്രോട്ടീൻ ഷേക്കിൽ സയനൈഡ് കലർത്തി കൊന്ന് ദന്ത ഡോക്ടർ

Web Desk
|
22 March 2023 5:24 AM GMT

വർക്ക് ഔട്ടിന് ശേഷം ജെയിംസാണ് എന്നും ആഞ്ചലക്ക് ഷേക്ക് ഉണ്ടാക്കി നൽകിയിരുന്നത്, ഇത് മുതലെടുത്താണ് വിഷം ഓർഡർ ചെയ്യുന്നതും

കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ പ്രോട്ടീൻ ഷേക്കിൽ സയനൈഡ് കലർത്തി കൊന്ന് ദന്ത ഡോക്ടർ. യുഎസിലെ കൊളറാഡോ സ്വദേശിയായ ആഞ്ചല ക്രെയ്ഗ്(43) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആഞ്ചലയുടെ ഭർത്താവ് ജെയിംസ് തൊലിവർ ക്രെയ്ഗ് (45)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഞ്ചല സ്ഥിരമായി കുടിക്കുന്ന പ്രോട്ടീൻ ഷേക്കിലാണ് ജെയിംസ് വിഷം കലർത്തിയത്. ഇതിനായി സയനൈഡും ആഴ്‌സനിക്കും ഓൺലൈനായി വരുത്തി. തലവേദനയും ക്ഷീണവും മൂലം ഞായറാഴ്ചയാണ് ആഞ്ചലയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവരെ ആശുപത്രിയിലെത്തിച്ചത് ജെയിംസ് തന്നെയായിരുന്നു. ആശുപത്രിയിലെത്തിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആഞ്ചല മരിച്ചു.

തുടർന്ന് അറോറ പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഡോക്ടർമാർക്കടക്കം ആഞ്ചലയുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം കണ്ടെത്താനായിരുന്നില്ല. എന്നാൽ ജെയിംസ് ഓൺലൈനിൽ പൊട്ടാസ്യം സയനൈഡ് ഓർഡർ ചെയ്തു എന്ന് സഹപ്രവർത്തകനായ റയാൻ റെഡ്‌ഫേണിന്റെ മൊഴി കേസിൽ നിർണായകമായി. ഗവേഷണത്തിന് വേണ്ടിയാണ് സയനൈഡ് എന്നായിരുന്നു വിഷം വീട്ടിലെത്തിച്ചയാളോട് ജെയിംസ് പറഞ്ഞിരുന്നത്. ഇത് തുറക്കരുതെന്ന് ഇയാൾ ഡെലിവറി ഓഫീസിലെ ജീവനക്കാരോട് പറഞ്ഞിരുന്നെങ്കിലും ഒരു ജീവനക്കാരൻ ഇത് തുറന്നു നോക്കുകയും ചെയ്തു.

വർക്ക് ഔട്ടിന് ശേഷം ജെയിംസാണ് എന്നും ആഞ്ചലക്ക് ഷേക്ക് ഉണ്ടാക്കി നൽകിയിരുന്നത്. ഇത് മുതലെടുത്താണ് വിഷം ഓർഡർ ചെയ്യുന്നതും. നേരത്തേ ആഴ്‌സനിക് എന്ന രാസവസ്തു കലക്കി നൽകിയിരുന്നെങ്കിലും ആ ശ്രമം പരാജയപ്പെട്ടതിനാൽ സയനൈഡ് വരുത്തുകയായിരുന്നുവെന്ന് അറോറ പൊലീസ് ഡിവിഷനെ ഉദ്ധരിച്ച് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു. ഇത് കൂടാതെ ഒലിയാൻഡ്രിൻ എന്ന വിഷവും ഇയാൾ ഓർഡർ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വർഷം മുമ്പും ഇയാൾ ആഞ്ചലയെ കൊല്ലാൻ ശ്രമിച്ചിരുന്നതായാണ് ആഞ്ചലയുടെ സഹോദരി ടോണി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യം ജെയിംസ് നിഷേധിച്ചു.

സഹപ്രവർത്തകയുമായി അടുപ്പത്തിലായിരുന്നതിനാലാണ് ആഞ്ചലയെ കൊല്ലാൻ ജെയിംസ് പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ദമ്പതികളുടെ ബന്ധത്തിൽ സ്വരച്ചേർച്ചകളുണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഡിസംബറിൽ ഡിവോഴ്‌സ് ആവശ്യപ്പെട്ടതിന് ശേഷം ആഞ്ചല ഏറെ വിഷമത്തിലായിരുന്നുവെന്ന് ജെയിംസ് പറഞ്ഞതായി ഒരു സാമൂഹികപ്രവർത്തകനും പൊലീസിനെ അറിയിച്ചിട്ടുണ്ട്. പല തവണ ഇവർ ആത്മഹത്യതക്ക് ശ്രമിച്ചിരുന്നതായും ഇയാൾ പറയുന്നു. എന്നാൽ ദമ്പതികളുടെ മക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Similar Posts