ഇസ്രായേൽ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭം: ബിരുദദാന ചടങ്ങ് റദ്ദാക്കി കൊളംബിയ സർവകലാശാല
|ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊളംബിയ സർവകലാശാലയിൽ തുടക്കം കുറിച്ച വിദ്യാർഥി പ്രതിഷേധം നൂറുകണക്കിനു കാംപസുകളിലേക്കാണു പടർന്നുപിടിച്ചത്
ന്യൂയോർക്ക് സിറ്റി: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ അമേരിക്കൻ കാംപസുകളിൽ വിദ്യാർഥി പ്രതിഷേധം കനക്കുന്നതിനിടെ ബിരുദദാന ചടങ്ങ് റദ്ദാക്കി കൊളംബിയ സർവകലാശാല. ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളുടെ പ്രതിഷേധം തുടരാനുള്ള സാധ്യത മുന്നില്‍കണ്ടാണു സർവകലാശാലാ അധികൃതരുടെ തീരുമാനം. വിദ്യാർഥി പ്രതിഷേധം തടയാനും കാംപസിൽ സ്ഥാപിച്ച പ്രതിഷേധ ടെന്റുകൾ നീക്കം ചെയ്യാനും ന്യൂയോർക്ക് സിറ്റി പൊലീസിന്റെ സഹായം തേടിയിരുന്നു സർവകലാശാല.
മേയ് 15നായിരുന്നു മുൻ ബാച്ചിലെ വിദ്യാർഥികൾക്കുള്ള ബിരുദദാനവും പുതിയ വിദ്യാർഥികൾക്കുള്ള വരവേൽപ്പും നിശ്ചയിച്ചിരുന്നത്. എന്നാൽ, വിദ്യാർഥികളുടെ സുരക്ഷയ്ക്കു പ്രാമുഖ്യം നൽകി പരിപാടി തൽക്കാലത്തേക്കു മാറ്റിവച്ചിരിക്കുകയാണെന്നാണ് അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വിദ്യാർഥികളുമായി ചർച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ കാംപസുകളിലെല്ലാം വമ്പൻ വിദ്യാർഥി പ്രതിഷേധമാണു നടക്കുന്നത്. രാജ്യത്തെ പ്രമുഖ സർവകലാശാലകളും കോളജുകളുമെല്ലാം കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിഷേധച്ചൂടിൽ തിളക്കുകയാണ്. ഏപ്രിൽ പകുതിയിൽ കൊളംബിയ സർവകലാശാലയിൽ ആരംഭിച്ച പ്രക്ഷോഭമാണു മറ്റു കാംപസുകളിലേക്കും പടർന്നുപിടിച്ചത്. 45 സംസ്ഥാനങ്ങളിലായി 140 കാംപസുകളിൽ പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തത്. പൊലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് മിക്ക കാംപസുകളിലും അധികൃതർ നോക്കിയത്. ഇതുവരെ 2,500 വിദ്യാർഥികൾ വിവിധ കാംപസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഏപ്രിൽ പകുതിയിലാണ് വിഖ്യാത സർവകലാശാലയായ കൊളംബിയ യൂനിവേഴ്സിറ്റിയിൽ പ്രതിഷേധങ്ങൾക്കു തുടക്കമായത്. അപ്പർ മാൻഹാട്ടനിലെ കാംപസിലുള്ള ഹാമിൽട്ടൻ ഹാൾ പിടിച്ചടക്കിയായിരുന്നു വിദ്യാർഥികൾ പ്രതിഷേധത്തിനു തുടക്കമിട്ടത്. ഗസ്സയിൽ കൊല്ലപ്പെട്ട ആറു വയസുകാരി ഹിന്ദിന്റെ പേര് ഹാമിൽട്ടൻ ഹാളിനു നൽകുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ ന്യൂയോർക്ക് സിറ്റി പൊലിസിനെ വിളിച്ചുവരുത്തി സർവകലാശാലാ അധികൃതർ. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ പിന്തിരിപ്പിക്കുകയും അറസ്റ്റ് ചെയ്തുനീക്കുകയുമായിരുന്നു ചെയ്തത്. മേയ് 17 വരെ കാംപസിൽ തുടരാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Summary: Columbia University cancels main commencement ceremony after Gaza protests