''ഗസ്സയുടെ ദുരിതം നോക്കുകയാണെങ്കിൽ ഇതൊക്കെ എന്ത്? പ്രക്ഷോഭത്തിൽ നിന്ന് മാറാതെ കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികൾ
|പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല വളപ്പിലൊരുക്കിയ ടെന്റുകൾ പൊളിച്ചുനീക്കാൻ അധികൃതർ സമയപരിധി കൊടുത്തിട്ടും വിദ്യാർഥികൾ അനങ്ങിയിട്ടില്ല.
ന്യൂയോർക്ക്: അമേരിക്കയിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ 'പ്രഭവകേന്ദ്രമായ' കൊളംബിയ സർവകലാശാലയിൽ കടുത്ത നടപടിക്കൊരുങ്ങിയിട്ടും മാറാതെ വിദ്യാർഥികൾ. പ്രതിഷേധത്തിന്റെ ഭാഗമായി സർവകലാശാല വളപ്പിലൊരുക്കിയ ടെന്റുകൾ പൊളിച്ചുനീക്കാൻ അധികൃതർ സമയപരിധി കൊടുത്തിട്ടും വിദ്യാർഥികൾ അനങ്ങിയിട്ടില്ല.
പ്രക്ഷോഭം അവസാനിപ്പിക്കാൻ സര്‍വകലാശാല അധികൃതർ എല്ലാ വഴികളും സ്വീകരിക്കുകയാണ്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളെ കൊളംബിയ സർവകലാശാ സസ്പെൻഡ് ചെയ്ത് തുടങ്ങി. വിദ്യാർത്ഥി സംഘടനകളും അക്കാദമിക് നേതാക്കളും തമ്മിൽ ദിവസങ്ങളോളം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടുവെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് നെമത് മിനോഷ് ഷാഫിഖ് പ്രസ്താവനയിൽ പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊളംബിയയിൽ എപ്രിൽ 18ന് 100 വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു.
ഗസ്സ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ക്യാമ്പസില്‍ ടെന്റുകള്‍ നിര്‍മിച്ചത്. ഗസ്സക്കാര്‍ ടെന്റുകളിലാണ് കഴിയുന്നതെന്നും ആ ദുരിതം വിവരിക്കുകയാണ് ചെയ്യുന്നതെന്നുമാണ് വിദ്യാര്‍ഥികള്‍ പങ്കുവെക്കുന്നത്. ഇതിനിടെയാണ് ടെന്റുകള്‍ പൊളിച്ച് നീക്കാന്‍ അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട്. ഇതിന് സമയപരിധിയും നിശ്ചയിച്ചു. അല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്കി. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പ്രക്ഷോഭവുമായി മുന്നോട്ട് പോകുകയാണ് വിദ്യര്‍ഥികള്‍.
“34,000ത്തിലധികം ഫലസ്തീനികളുടെ മരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരത്തിലുള്ള ഭീഷണികള്‍ക്കൊന്നും അര്‍ഥമില്ലെന്ന് ഒരു വിദ്യാര്‍ഥി പ്രതികരിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കൊടുത്ത സമയപരിധി കഴിഞ്ഞതിന് ശേഷമായിരുന്നു ആ വിദ്യാര്‍ഥിയുടെ പ്രതികരണം. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുന്നത് വരെ പിന്നോട്ടില്ലെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ വിദ്യാര്‍ഥി പറഞ്ഞു.
കാമ്പസിൽ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഈ അടുത്ത ഘട്ടം എന്ന നിലയ്ക്ക് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് പ്രവേശിക്കുകയാണെന്ന് കൊളംബിയ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ബെൻ ചാങ് വ്യക്തമാക്കി. സസ്പെന്ഷന്, അക്കാദമിക് ഇടങ്ങളില്‍ അയോഗ്യത എന്നിവയൊക്കെയാണ് വിദ്യാര്‍ഥികള്‍ക്ക് മേല്‍ സര്‍വകലാശാല എടുക്കുക.
അതേസമയം അമേരിക്കയിലെ മറ്റു സർവകലാശാലകളിലും ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം അടങ്ങാതെ മുന്നോട്ടുപോകുകയാണ്. ഓസ്റ്റിനിലെ ടെക്സാസ് സർവകലാശാലയിൽ, തിങ്കളാഴ്ച പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടി. വിദ്യാര്‍ഥികള്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ടെന്റുകളൊന്നും അനുവദിക്കില്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് സോഷ്യൽ വ്യക്തമാക്കി. ലംഘിക്കുന്ന പക്ഷം അറസ്റ്റുകള്‍ മുറപോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അമേരിക്കയിലുടനീളം നിരവധി പേരെ കരുതല്‍ തടങ്കിലിലാക്കിയിട്ടുണ്ടെന്നാണ് വിവരം.