World
red sea
World

ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇസ്രായേൽ, യു.എസ്, യു.കെ കപ്പലുകൾക്ക് ഇൻഷൂറൻസ് നിരസിച്ച് കമ്പനികൾ

Web Desk
|
25 Jan 2024 4:06 PM GMT

ഹൂതി ആക്രമണം ആരംഭിച്ചതിന് പിന്നാലെ കമ്പനികൾ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയർത്തിയിരുന്നു

ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇസ്രായേൽ, യു.എസ്, യു.കെ കപ്പലുകൾക്ക് ഇൻഷൂറൻസ് കമ്പനികൾ കവറേജ് നൽകുന്നത് നിർത്തിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയും ബ്രിട്ടനും ചെങ്കടലിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിവിധ കമ്പനികൾ ഇൻഷൂറസ് കവറേജ് നൽകുന്നത് നിർത്തിയത്.

ഇതോടെ ഈ കപ്പലുകൾ മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ആഫ്രിക്കയെ ചുറ്റിക്കറങ്ങി പോവുകയാണ് ഒരു മാർഗം. ഇതിന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും അധിക സമയം വേണം. കൂടാതെ ​സാമ്പത്തിക ചെലവും വളരെയധികമാണ്. കിഴക്കൻ മെഡിറ്ററേനിയനിലെ തുറമുഖങ്ങൾ ഉപയോഗപ്പെടുത്തുകയാണ് മറ്റൊരു വഴി.

നവംബർ 19നാണ് ഹൂതികളുടെ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ കമ്പനികൾ ഇൻഷൂറൻസ് പ്രീമിയം കുത്തനെ ഉയർത്തിയിരുന്നു. നേരത്തെ കപ്പലിലെ സാധനങ്ങളുടെ മൂല്യത്തിന്റെ 0.01 ശതമാനമായിരുന്നു പ്രീമിയം. ഡിസംബറോടെ അത് ഒരു ശതമാനമായി ഉയർന്നു. 100 മില്യൺ ഡോളർ വിലമതിക്കുന്ന ചരക്കുകളുള്ള കപ്പൽ ചെങ്കടൽ വഴി യാത്ര ചെയ്യാൻ ഒരു മില്യൺ ഡോളർ ഇൻഷുറൻസ് പ്രീമിയം കൂടുതൽ നൽകേണ്ടി വരും.

യു.എസിനെയും യൂറോപ്പിനെയും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന 500ലധികം ചരക്ക് കപ്പലുകൾ ചെങ്കടൽ വഴിയുള്ള സഞ്ചാരം ഒഴിവാക്കിയതായാണ് കണക്ക്. ഇത് ചരക്ക് ഗതാഗതം വൈകിപ്പിക്കുകയും ചെലവുകൾ വലിയ രീതിയിൽ ഉയർത്തുകയും ചെയ്തിട്ടുണ്ട്.

ചെങ്കടലിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക പ്രവർത്തനങ്ങൾ മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുകയും ആഗോള ചരക്ക് ഗതാഗതത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ ചൈനയുടെ പ്രതിനിധി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

Similar Posts