ബഹിഷ്കരണം വിനയായി, വരുമാനത്തിൽ ഇടിവുനേരിട്ടു: സ്റ്റാർബക്സ് സിഇഒ
|തങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് യുഎസ്സിൽ വിൽപ്പന കുറയാൻ കാരണമായതെന്ന് സിഇഒ നരസിംഹൻ
ഇസ്രായേൽ അനുകൂല നിലപാട് മൂലം ബഹിഷ്കരണം നേരിട്ടത് വിനയായെന്ന് ലോകോത്തര കോഫി ബ്രാൻഡും യുഎസ് ബഹുരാഷ്ട്ര കുത്തക കമ്പനിയുമായ സ്റ്റാർബക്സ്. മധേഷ്യയിലും യുഎസിലും നിരവധി പേർ കമ്പനിയെ ബഹിഷ്കരിച്ചത് വരുമാനത്തിൽ ഇടിവുണ്ടാക്കിയെന്ന് കമ്പനി സിഇഒയും ഇന്ത്യൻ അമേരിക്കൻ വ്യവസായിയുമായ ലക്ഷമൺ നരസിംഹനാണ് പറഞ്ഞത്. കഴിഞ്ഞ പാദത്തിലാണ് കമ്പനിക്ക് തിരിച്ചടി നേരിട്ടത്. സ്റ്റാർബക്സിന്റെ ആദ്യ പാദ വരുമാനം വിദഗ്ധരുടെ കണക്കിനൊത്ത് വർധിച്ചില്ല. മാത്രമല്ല, കമ്പനിയുടെ മുഴുവൻ വർഷത്തെ വിൽപ്പന വളർച്ചാ പ്രവചനം 10% -12% വരെയുള്ളതിൽ നിന്ന് 7% -10% ആയി കുറഞ്ഞു. ഫലസ്തീൻ ജനതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജീവനക്കാർ സമൂഹ മാധ്യമ പോസ്റ്റിട്ടതിനെതിരെ സ്റ്റാർബക്സ് നിയമനടപടി സ്വീകരിച്ചതോടെയാണ് ബഹിഷ്കരണമുണ്ടായത്.
തങ്ങളുടെ നിലപാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് യുഎസ്സിൽ വിൽപ്പന കുറയാൻ കാരണമായതെന്ന് സിഇഒ നരസിംഹൻ പറഞ്ഞു. ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തെക്കുറിച്ചുള്ള തങ്ങളുടെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുകയാണെന്നും സിഇഒ പറഞ്ഞു. ഇത് മൂലം തങ്ങൾക്കെതിരെ സമൂഹ മാധ്യമ പോസ്റ്റുകൾ പ്രചരിക്കുകയും ഷോപ്പുകളിൽ നശീകരണ പ്രവർത്തികളുണ്ടാകുകയും ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.
'ഈ ആഴ്ച ഭീകര പ്രവർത്തനങ്ങളിലൂടെ ഇസ്രായേലിലും ഗസ്സയിലും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും നാടുകടത്തപ്പെടുകയും ചെയ്ത നിരപരാധികളോട് ഞങ്ങൾ വീണ്ടും അഗാധ സഹതാപം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു' കമ്പനിയുടെ വൈസ് പ്രസിഡന്റും ചീഫ് പാർട്ണർ ഓഫീസറുമായ സാറ കെല്ലി പറഞ്ഞു.
ബഹിഷ്കരണത്തെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ 12 ബില്യൺ യുഎസ് ഡോളർ നേരത്തെ സ്റ്റാർബക്സ് കോർപറേഷന് നഷ്ടമായെന്ന് ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനമായിരുന്നത്. 1992ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയായിരുന്നത്.
വാഷിങ്ടണിലെ സീറ്റ്ൽ ആസ്ഥാനമായ കോഫി ഹൗസ്, റോസ്റ്ററി റിസർവസ് ശൃംഖലയാണ് സ്റ്റാർബക്സ് കോർപറേഷൻ. ലോകത്തെ ഏറ്റവും വലിയ കോഫീഹൗസ് ശൃംഖലയാണിത്. 1971ൽ സ്ഥാപിതമായി കമ്പനിക്ക് 84 രാഷ്ട്രങ്ങളിൽ 35000ത്തിലേറെ ഷോപ്പുകളുണ്ട്. നാലു ലക്ഷത്തിലേറെ തൊഴിലാളികളും.
ഇസ്രായേലിനെ പരസ്യമായി പിന്തുണച്ച കോഫി ഭീമന് പടിഞ്ഞാറൻ ഏഷ്യയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഉപഭോക്താക്കളുടെ കുറവു മൂലം ഈജിപ്തിൽ കമ്പനി ജീവനക്കാരെ പരിച്ചുവിട്ടിരുന്നു.
കമ്പനി ഇസ്രായേലിനെ പിന്തുണച്ചെങ്കിലും ജീവനക്കാർ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. സ്റ്റാർബക്സ് വർക്കേഴ്സ് യുണൈറ്റഡ് എന്ന പേരിലുള്ള തൊഴിലാളി സംഘടന ഫലസ്തീന് തുറന്ന ഐക്യദാർഢ്യം അറിയിച്ചിരുന്നു. യുഎസിലെ 200ലധികം ഷോപ്പുകളിൽ ജീവനക്കാരുടെ സമരവും അരങ്ങേറിയിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും കുറവാണെന്നും ജീവനക്കാർ ആരോപിക്കുന്നു. ഇതും മൂല്യമിടിവിൽ പ്രതിഫലിച്ചതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.