ആട്ടിന്‍കുട്ടിയെ മറയാക്കി മയക്കുമരുന്ന് കടത്ത്; പൊലീസ് നായ മണം പിടിച്ച് പിടികൂടി
|10 ലക്ഷം രൂപ വിലയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഗ്ലാസ്ഗോ: പല രൂപത്തില്‍ മയക്കുമരുന്ന് കടത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കാറില്‍ മയക്കുമരുന്ന് കടത്താൻ ആടിനെ മറയാക്കിയ മൂന്നു പേരെ കുറിച്ചുള്ള വാർത്തയാണ് സ്കോട്ട്ലൻഡിൽ നിന്നും പുറത്തു വരുന്നത്. 10 ലക്ഷം രൂപ (10000 പൌണ്ട്) വിലയുള്ള മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയില്‍ വെച്ചാണ് പൊലീസ് പരിശോധനയ്ക്ക് കാര്‍ തടഞ്ഞത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റില്‍ ഓമനത്തമുള്ളൊരു ആട്ടിന്‍കുട്ടി. അടുത്ത് ചിപ്സിന്റെ പാക്കറ്റ്. ഒറ്റനോട്ടത്തില്‍ ഒരു പ്രശ്നവുമില്ല. പക്ഷെ പൊലീസ് നായ ബില്ലി നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. ആട്ടിന്‍കുട്ടിയെ കണ്ടിട്ടാവാം നായ കുരയ്ക്കുന്നതെന്നാണ് പൊലീസ് കരുതിയത്. പക്ഷെ കുര നിര്‍ത്താതിരുന്നതോടെ പൊലീസുകാര്‍ കാര്‍ അരിച്ചുപെറുക്കി.
ഏഴു ലക്ഷം രൂപ വിലവരുന്ന ഹെറോയ്നും മൂന്നു ലക്ഷം രൂപയുടെ കൊക്കെയ്നുമാണ് പിടികൂടിയത്. കാര്‍ ഓടിച്ചിരുന്നയാള്‍ക്ക് ലഹരി പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാവുകയും ചെയ്തു. 52ഉം 53ഉം വയസ്സുള്ള രണ്ടു പുരുഷന്മാരും 38 വയസ്സുള്ള സ്ത്രീയുമാണ് അറസ്റ്റിലായത്.
Summary- Cops in Scotland found a little lamb inside a car carrying 10,000 pounds (Rs 10,17,400) worth of drugs