കോവിഡ്; ഫ്രാന്‍സില്‍ ജൂലൈ അവസാനത്തോടെ നാലാം തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
|ഡെല്‍റ്റ വകഭേദം ആശങ്ക പരത്തുകയാണെന്നും കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും അധികൃതര്‍.
ഫ്രാന്‍സില്‍ കോവിഡിന്റെ നാലാം തരംഗം ജൂലൈ അവസാനത്തോടെയുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്ലിയേല്‍ അറ്റല്‍ അറിയിച്ചു. രാജ്യത്ത് 30 ശതമാനത്തോളം രോഗബാധയ്ക്കും കാരണം വൈറസിന്റെ ഡെല്‍റ്റ വകഭേദമാണെന്നും അദ്ദേഹം ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഡെല്‍റ്റ വകഭേദം ആശങ്ക പരത്തുന്നതാണെന്നും ജൂലൈ അവസാനത്തോടെ നാലാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവര്‍ വെറന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാവരും എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അതേസമയം, ഫ്രാന്‍സില്‍ ആകെ ജനസംഖ്യയുടെ 36 ശതമാനം മാത്രമാണ് കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ മാസത്തിലുണ്ടായ കോവിഡ് മൂന്നാം തരംഗത്തില്‍ 35,000ത്തോളം പ്രതിദിന കേസുകളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് കേസുകള്‍ ക്രമാതീതമായി കുറഞ്ഞതോടെ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിണമെന്ന നിബന്ധനയിലുള്പ്പെടെ ഫ്രഞ്ച് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.