സുരക്ഷയാണ് പ്രധാനം; ഐവര്‍മെക്ടിന്‍ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടന
|ക്ലിനിക്കൽ പരീക്ഷണങ്ങൾക്കല്ലാതെ ഐവര്‍മെക്ടിന്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.
കോവിഡ് ചികിത്സയ്ക്ക് ഐവർമെക്ടിൻ ഗുളിക ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ക്ലിനിക്കൽ പരീക്ഷണങ്ങൾക്കല്ലാതെ ഐവര്‍മെക്ടിന്‍ ഉപയോഗിക്കരുതെന്നാണ് ഡബ്ല്യു.എച്ച്.ഒ ശുപാർശ ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മരുന്ന് ഉപയോഗിക്കുമ്പോൾ അതിന്‍റെ സുരക്ഷയും ഫലപ്രാപ്തിയുമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ ട്വീറ്റ് ചെയ്തു.
ജർമന്‍ ഹെൽത്ത് കെയർ ആൻഡ് ലൈഫ് സയൻസ് കമ്പനി മെർക്കും സമാനമായ മുന്നറിയിപ്പാണ് നല്‍കുന്നത്. ഈ പ്രസ്താവനയും സൗമ്യ സ്വാമിനാഥന്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. തങ്ങളുടെ പ്രീ– ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഐവർമെക്ടിൻ കോവിഡിനെതിരെ ഉപയോഗിക്കാമെന്നതിന് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ അടിത്തറ കണ്ടെത്താനായിട്ടില്ല. ഭൂരിഭാഗം പഠനങ്ങളിലും സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങൾ ലഭ്യമല്ലെന്നും മെർക് പറയുന്നു.
Safety and efficacy are important when using any drug for a new indication. @WHO recommends against the use of ivermectin for #COVID19 except within clinical trials https://t.co/dSbDiW5tCW
— Soumya Swaminathan (@doctorsoumya) May 10, 2021
പാരസൈറ്റിക് ഇൻഫെക്‌ഷനുകൾക്കെതിരെ ഉപയോഗിക്കുന്ന ഗുളികയാണ് ഐവർമെക്ടിൻ. രണ്ടു മാസത്തിനിടെ ഐവർമെക്ടിനെതിരെ ഡബ്ല്യു.എച്ച്.ഒ പുറപ്പെടുവിക്കുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത്. കൊറോണവൈറസിനെതിരെ ഐവര്‍മെക്ടിന്‍റെ പ്രവര്‍ത്തനരീതി എങ്ങനെയെന്നതില്‍ കൃത്യമായ തെളിവുകളില്ലെന്നായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചത്.
കോവിഡിനെതിരെ പ്രായപൂർത്തിയായവരിൽ ഐവർമെക്ടിൻ ഉപയോഗിക്കാൻ ഗോവ അംഗീകാരം കൊടുത്തതിനു പിന്നാലെയാണ് ഡോ. സൗമ്യയുടെ ട്വീറ്റ്. രോഗത്തിന്‍റെ ഗുരുതരാവസ്ഥ കുറയ്ക്കാനാണു ഐവർമെക്ടിൻ നല്‍കുന്നതെന്ന് ഗോവ പൊതുജനാരോഗ്യ മന്ത്രി വിശ്വജിത് പി. റാണെ നേരത്തെ അറിയിച്ചിരുന്നു.