കോവിഡ് മാനുകളിലേക്കും പടരുന്നു; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
|അമേരിക്കയിലെ അയോവയിലെ വെളുത്ത വാലുള്ള 4000 മാനുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അതില്‍ നിന്നും വൈറസ് എല്ലായിടത്തും പടര്‍ന്നതായി കണ്ടെത്തി
കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും രോഗ വ്യാപനത്തോത് കൂടിക്കൊണ്ടിരിക്കുകയാണ്. ഓരോ തരംഗസമയങ്ങളിലും മരണസംഖ്യ ഉയരുന്ന സാഹചര്യമാണ് കാണുന്നത്. കോവിഡിനെ തടയാനുള്ള മാസ്കും സാനിറ്റൈസറും ജനജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ വരുന്ന ഏറ്റവും പുതിയ വാര്‍ത്ത അമേരിക്കയിലെ അയോവയിലെ വെളുത്ത വാലുള്ള മാനുകളില്‍ കൊറോണ വൈറസ് കണ്ടെത്തിിയിരിക്കുന്നു എന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റിസലെ ഡോക്ടര്‍മാരേയും വിദഗ്ധരേയും ആശങ്കപ്പെടുത്തുന്നതാണ് പുതിയ വാര്‍ത്ത. മനുഷ്യനില്‍ മാത്രം അപകടം വിതച്ച വൈറസ് മാനുകളിലേക്കും പടര്‍ന്നിരിക്കുന്നു. ഇത് വളരെ അപകടമുള്ളതാണെന്ന് വിധഗ്ദര്‍ പറയുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, 30 ദശലക്ഷം വെളുത്ത മാനുകളാണ് ഈ പ്രദേശത്ത് കാണപ്പെടുന്നത്. മനുഷ്യരോട് സമ്പര്‍ക്കം പുലര്‍ത്തുന്ന ജീവി വര്‍ഗമായതിനാലാണ് ഇവയെ കൂടുതല്‍ ബാധിക്കുക എന്നത് വലിയതോതിലുള്ള ആശങ്കകള്‍ക്ക് കാരണമാകുന്നു. 2020ല്‍ വേട്ടയാടിയതോ, വാഹനാപകടത്തില്‍ പെട്ടതോ ആയ മാനുകളുടെ ശീതീകരിച്ച സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ പരിശോധനാ വിധേയമാക്കിയിരുന്നു. ഇതില്‍ നിന്നും 60 ശതമാനത്തിനും കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റും പകര്‍ച്ചവ്യാധി വിദഗ്ധനുമായ വിവേക് കപൂറിന്റെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ 4000 മാനുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അതില്‍ നിന്നും വൈറസ് എല്ലായിടത്തും പടര്‍ന്നതായി കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. രോഗബാധിതരായ ഓരോ മൃഗത്തിന്റേയും സ്ഥാനം എവിടേയാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്.
''പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയാണ് ഈ മൃഗങ്ങളിലെ രോഗവ്യാപനം. ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു ആശങ്കതന്നെയാണ് ഉണ്ടാക്കുക.'' സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനിലെ (ഡിസിസി) വണ്‍ ഹെല്‍ത്ത് ഓഫീസിനെ നയിക്കുന്ന ഡോക്ടര്‍ കേസി ബാര്‍ട്ടണ്‍ ബെഹ്രവേഷ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
മനുഷ്യരില്‍ തന്നെ പുതിയ പുതിയ വകഭേദങ്ങള്‍ ദിനംപ്രതി ഉണ്ടാകുന്ന ഈ സമയത്ത് മൃഗങ്ങളിലെ രോഗബാധ വെല്ലുവിളി തന്നെയാണ്. മൃഗങ്ങളിലെ രോഗവ്യാപനം മൂലം വീണ്ടും പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരു മാനില്‍ കൊവിഡ്-19 അണുബാധ കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ കോവിഡ് അണുബാധ കണ്ടെത്തിയ യുഎസിലെ ആദ്യ കേസായിരുന്നു അത്. എന്നാല്‍ പുതിയ കണ്ടെത്തലില്‍ നിന്നും മനസിലാകുന്നത് മൃഗങ്ങളില്‍ നിന്ന് പകരുന്ന ഒരു പുതിയ തരംഗം ആവിര്‍ഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ്. പൂച്ച, കടുവ, സിംഹം, ഹിമപ്പുലികള്‍, ഒട്ടേഴ്സ്, ഗോറില്ല, മിങ്കുകള്‍, എന്നിവയുള്‍പ്പെടെയുള്ള മൃഗങ്ങളില്‍ അണുബാധ സ്ഥിരീകരിച്ചതായി യുഎസ് അഗ്രികള്‍ച്ചര്‍ വിഭാഗം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊറോണയുടെ ആരംഭ കാലങ്ങളില്‍ തന്നെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധ ഉണ്ടാകുമോയെന്ന് ലോകത്താകമാനമുള്ള ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും ഭയപ്പെട്ടിരുന്നു. അത് യാഥാര്‍ത്ഥ്യമാകുമോ എന്നറിയാന്‍ വേണ്ടി പഠനങ്ങളും നടന്നിട്ടുണ്ട്. അയോവയിലെ ഏറ്റവും പുതിയ കേസില്‍, വേവിച്ച മാനിറച്ചി കഴിക്കുന്നവര്‍ക്ക് സാര്‍സ്-കൊവി-2 വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മാനിന്റെ മലം, മറ്റ് അവശിഷ്ടങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. ഇതിനുപുറമേ, സിംഹങ്ങള്‍ക്കും വൈറസ് ബാധിക്കാനിടയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാനിന്റെ ശ്വാസനാളത്തിലോ മൂക്കിലോ, വായിലോ കടിച്ചു കൊല്ലുന്ന സിംഹങ്ങളിലേക്ക് വൈറസ് വ്യാപിക്കാന്‍ എളുപ്പമാണ് എന്നതാണ് അതിന്റെ കാരണം.
കൊറോണ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുകയുള്ളൂവെന്നും മൃഗങ്ങളില്‍ നിന്നും പകരില്ലെന്നും ഇന്ത്യയിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം മുമ്പ് പറഞ്ഞിരുന്നു. നായക്കോ, പൂച്ചക്കോ മറ്റേതെങ്കിലും വളര്‍ത്തുമൃഗത്തിനോ കോവിഡ്-19 പകരാന്‍ സാധ്യയില്ലെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അസംസ്കൃത മാംസം, പാല്, വേവിക്കാത്ത ഭക്ഷണങ്ങള്‍, മലിനമായതോ അസംസ്കൃതമോ വേവിക്കാത്തതോ ആയ മൃഗ ഉത്പന്നങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.