അവയവം മാറ്റിവെച്ചവരില്‍ കോവിഡ് വാക്സിന്‍ ഫലപ്രദമോ? പഠനം
|അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
അവയവം മാറ്റിവെച്ച ആളുകളില്‍ രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷവും രോഗപ്രതിരോധ ശേഷി കൂടുന്നില്ലെന്ന് പഠനം. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇക്കൂട്ടർ വാക്സിനേഷന് ശേഷവും കോവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് പഠനം നിർദേശിക്കുന്നത്.
സുപ്രധാന അവയവങ്ങൾ മാറ്റിവെച്ച 54 ശതമാനം പേരില്‍ മാത്രമാണ് മൊഡേണ, ഫൈസർ വാക്സിനുകൾ സ്വീകരിച്ചതിനു ശേഷം ആന്‍റിബോഡികൾ ഉൽപാദിപ്പിക്കപ്പെട്ടത്. അവയവം സ്വീകരിച്ചവർ രണ്ടു ഡോസ് വാക്സിൻ മതിയായ പ്രതിരോധശേഷി ഉറപ്പു നൽകുന്നുവെന്ന് കരുതരുതെന്നും ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസറായ ഡോറി സെഗേവ് വ്യക്തമാക്കി.
ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവ സ്വീകരിക്കുന്ന ആളുകൾ പലപ്പോഴും പുതിയ അവയവത്തെ ശരീരം നിരസിക്കുന്നത് തടയുന്നതിനും മരുന്നുകൾ കഴിക്കണം. രോഗാണുക്കൾക്കെതിരെ വാക്സിൻ വഴി ഉണ്ടാവുന്ന ആന്‍റിബോഡികൾ നിർമിക്കാനുള്ള കഴിവിനെ അത് തടസപ്പെടുത്തിയേക്കാമെന്നും ഗവേഷകർ പറയുന്നു. ഗവേഷണത്തിലെ കണ്ടെത്തലുകൾ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.