അമേരിക്കയില്‍ വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു; ഫ്രാന്‍സിലും സ്ഥിതി ദയനീയം
|ജനുവരി 3ന് ശേഷം അമേരിക്കയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്
ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക രാജ്യങ്ങളിലും കേസുകളില്‍ ഇരട്ടിവര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കോവിഡിന്‍റെ പുതിയ തരംഗത്തില്‍ വലയുകയാണ് ലോകം. അമേരിക്കയില്‍ വീണ്ടും പ്രതിദിനം കോവിഡ് രോഗികളുടെ പത്തു ലക്ഷം കടന്നു. തിങ്കളാഴ്ച മാത്രം 1.13 മില്യണ്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ജനുവരി 3ന് ശേഷം അമേരിക്കയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അന്ന് 1.3 മില്യണ്‍ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,35,500-ലധികം പേരെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രി കേസുകളുടെ കാര്യത്തിലും റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനവുണ്ടായത്. 1,32,051 പേരെയാണ് അന്ന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും ജീവനക്കാരുടെ പ്രതിസന്ധി നേരിടുന്ന യുഎസിലെ ആശുപത്രികൾ നഴ്സുമാർക്കും മറ്റ് കോവിഡ് ബാധിച്ച തൊഴിലാളികൾക്കും നേരിയ ലക്ഷണങ്ങളോ ലക്ഷണങ്ങളില്ലെങ്കിലോ ജോലിയിൽ തുടരാൻ അനുവദിക്കുന്നുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഫ്രാന്‍സില്‍ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ടുനിറയുന്നു
ഫ്രാൻസിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം തിങ്കളാഴ്ച 767ല്‍ നിന്നും 22,749 ആയി. 2021 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെങ്കിലും പകർച്ചവ്യാധിയാണെന്നും രോഗികളുടെ എണ്ണം അതിവേഗം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി ഒലിവിയർ വെരൻ പറഞ്ഞു. ഓസ്ട്രേലിയയിലും സ്ഥിതി വ്യത്യസ്തമല്ല. തിങ്കളാഴ്ച രാജ്യത്ത് കോവിഡ് കേസുകള്‍ 10 ലക്ഷം കടന്നു. ഇതില്‍ പകുതിയും കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.