World
ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദം; ആശുപത്രിവാസം കുറയ്ക്കുന്നതായി പഠനം
World

ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദം; ആശുപത്രിവാസം കുറയ്ക്കുന്നതായി പഠനം

Web Desk
|
22 Jan 2022 5:10 AM GMT

ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുമെന്നും യുഎസ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (സിഡിസി) മൂന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു

ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് അമേരിക്കന്‍ പഠനം. ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുമെന്നും യുഎസ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (സിഡിസി) മൂന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഒമിക്രോണിനെതിരായ വാക്സിൻ സംരക്ഷണത്തെക്കുറിച്ച് യുഎസില്‍ നടത്തിയ ഏറ്റവും വലിയ പഠനമാണിത്. വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് കോവിഡ് ബാധിക്കാനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുണ്ടെന്നും ഗുരുതരമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്നും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2021 ആഗസ്ത് മുതൽ ഇതുവരെ 10 യു.എസ് സംസ്ഥാനങ്ങളിലായി പ്രവേശിപ്പിച്ച 88,000 ആശുപത്രി കേസുകളെ അധികരിച്ചായിരുന്നു ആദ്യത്തെ പഠനം.

രണ്ട് വാക്‌സിൻ കുത്തിവെപ്പുകള്‍ എടുക്കുന്നത് ഒമിക്രോണിനെതിരായ ആശുപത്രിവാസം തടയുന്നതിന് 57 ശതമാനം ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തി. രണ്ടാമത്തെ കുത്തിവെപ്പ് കഴിഞ്ഞ് കുറഞ്ഞത് ആറ് മാസമെങ്കിലും കഴിഞ്ഞപ്പോൾ എടുത്ത ബൂസ്റ്റർ ഡോസ് 90 ശതമാനം മെച്ചപ്പെട്ട പ്രതിരോധശേഷി നൽകുന്നതായും പഠനത്തില്‍ വ്യക്തമാകുന്നു. കൂടാതെ, എമർജൻസി റൂമുകളിലേക്കും അടിയന്തര പരിചരണ കേന്ദ്രങ്ങളിലേക്കുമുള്ള കേസുകള്‍ കുറയ്ക്കാന്‍ ബൂസ്റ്റർ ഡോസുകൾ 82 ശതമാനം ഫലപ്രദമാണ്. രണ്ടാമത്തെ പഠനം 2021 ഏപ്രിൽ 4 മുതൽ ഡിസംബർ 25 വരെയുള്ള 25 യു.എസ് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും പരിശോധിച്ചു. ബൂസ്റ്റർ ഡോസ് സ്വീകരിച്ച വ്യക്തികൾക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു. 1,00000 ആളുകളുടെ സാമ്പിൾ എടുത്തപ്പോള്‍ ബൂസ്റ്റഡ് വ്യക്തികളിൽ 149 കേസുകളും രണ്ട് ഡോസ് വാക്സിൻ എടുത്ത ആളുകളിൽ 255 കേസുകളും ഉണ്ടെന്ന് പഠനം കണ്ടെത്തി.

സിഡിഎസ് ശാസ്ത്രജ്ഞർ ഉൾപ്പെട്ട മൂന്നാമത്തെ പഠനം മെഡിക്കൽ ജേർണൽ ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (JAMA) ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൂസ്റ്റർ ഡോസ് എടുക്കുന്ന ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത 67 ശതമാനം കുറവാണെന്ന് പഠനം കണ്ടെത്തി. ബൂസ്റ്റർ ഡോസുകൾ കോവിഡിനെതിരെ മെച്ചപ്പെട്ട ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെങ്കിലും ഒമിക്രോണ്‍ മൂലം ചില മാറ്റങ്ങളുണ്ടായേക്കാമെന്നും മറ്റൊരു പഠനം പറയുന്നു. ചില കേസുകളിൽ, മൂന്ന് ഡോസ് വാക്സിനെടുത്ത ആളുകൾക്ക് ഒമിക്രോൺ ബാധിച്ചിട്ടുണ്ടെന്ന് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Similar Posts