ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗം: വാക്സിന്‍ പാസ്പോര്‍ട്ട് സംവിധാനം നിലവില്‍വന്നു
|രാജ്യമാകെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാനാണ് ആരോഗ്യ പാസ് പോലുള്ള നടപടിയെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി
കോവിഡ് ഏറിയും കുറഞ്ഞും ലോകരാജ്യങ്ങളെ വിടാതെ പിന്തുടരുകയാണ്. വ്യാപകമായി പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിനിടെ ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗമെത്തി.
നാലാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വാക്സിൻ പാസ്പോർട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കു മാത്രം പ്രവേശനം നൽകുന്നതാണ് വാക്സിൻ പാസ്പോർട്ട് എന്ന പേരിൽ അറിയപ്പെടുന്ന 'ആരോഗ്യ പാസ്' സംവിധാനം. റെസ്റ്റൊറന്റുകൾ, കഫേകൾ, ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളില്‍ ആരോഗ്യ പാസ് നിര്‍ബന്ധമാക്കി. യാത്രകള്‍ക്കും കോവിഡ് വാക്സിന്‍ സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ആരോഗ്യ പാസ് സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തവരിലാണ് പുതുതായി രോഗബാധ കൂടുതലെന്നും അതുകൊണ്ടാണ് ഈ നടപടിയെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഫ്രാന്‍സില്‍ ഇന്നലെ 21000 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് മാസത്തിനു ശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫ്രാന്‍സില്‍ ഇപ്പോഴുള്ള കോവിഡ് വ്യാപനം നാലാം തരംഗമാണെന്ന് പ്രധാനമന്ത്രി ഴാങ് കാസ്റ്റെക്സ് പറഞ്ഞു. രാജ്യമാകെ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാനാണ് ആരോഗ്യ പാസ് പോലുള്ള നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം വാക്സിന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ആരോപണം. എന്നാല്‍ അലക്ഷ്യമായി വാഹനമോടിക്കുന്നതും ടാക്സ് വെട്ടിക്കുന്നതും റെസ്റ്റോറന്‍റില്‍ സിഗരറ്റ് വലിക്കുന്നതും നമ്മളെയും സമൂഹത്തെയും സംരക്ഷിക്കുന്ന വാക്സിന്‍ സ്വീകരിക്കാതിരിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ആരോഗ്യമന്ത്രി ഒലിവിയര്‍ പ്രതികരിച്ചു. രാജ്യത്ത് ജനസംഖ്യയുടെ 46 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്.
ആരോഗ്യ പാസ് പ്രകാരം രണ്ടു ഡോസ് വാക്സിനെടുത്തെന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ആദ്യ ആഴ്ചയില്‍ താക്കീത് ചെയ്തുവിടും. അതിനുശേഷവും വാക്സിൻ സ്വീകരിക്കാത്തവർക്ക് 1500 യൂറോ പിഴ ചുമത്തും. കുട്ടികൾക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല.