ഒടുവിൽ കുക്ക് ഐലൻഡിനെയും കോവിഡ് പിടിച്ചു; ആദ്യ പോസിറ്റീവ് കേസ്
|ന്യൂസ് ലാന്റിൽ നിന്നെത്തിയ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്
കൊറോണ വൈറസ് ഒടുവിൽ കുക്ക് ഐലന്റിലുമെത്തി. ലോകത്താകെ കൊറോണ വൈറസ് ഇത്രയേറെ നാശം വിതച്ചിട്ടും അതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ചുരുക്കം ചില സ്ഥലങ്ങളിലൊന്നായിരുന്നു ദക്ഷിണ പസഫിക്കിലെ രാജ്യമായ കുക്ക് ഐലന്റ്. കൊവിഡിന്റെ മൂന്നും നാലും തരംഗങ്ങൾ കോടികണക്കിനാളുകളെ രോഗികളാക്കിയപ്പോഴും ഇവിടെ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കുക്ക് ദ്വീപിലും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വരുന്നത്.
വ്യാഴാഴ്ച കുടുംബത്തോടൊപ്പം ദ്വീപിലേക്കെത്തിയ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂസ് ലാന്റിൽ നിന്നെത്തിയ ഇവർ ക്വാറൻൈനിൽ കഴിയുകയായിരുന്നെന്നും പ്രധാനമന്ത്രി മാർക് ബ്രൗൺ പ്രസ്താവനയിൽ അറിയിച്ചു. രാജ്യാതിർത്തികൾ വീണ്ടും തുറക്കാൻ വേണ്ടി തയാറെടുക്കുകയായിരുന്നു. അതിർത്തിയിൽ വെച്ച് തന്നെ ഈ കേസ് കണ്ടെത്താൻ സാധിച്ചത് രാജ്യത്ത് പരിശോധന സംവിധാനങ്ങൾ എത്രത്തോളം ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ പസഫിക്.ഏകദേശം 17,000 ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ജനസംഖ്യയുടെ 96 ശതമാനവും രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിച്ചിട്ടുണ്ട്. കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ഇവിടുത്തെ രാജ്യാതിർത്തികൾ പൂർണമായും അടച്ചിരുന്നു.