വിയറ്റ്നാമിൽ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമല്ല: ലോകാരോഗ്യ സംഘടന
|ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ ഭാഗമാണിതെന്ന് വിയറ്റ്നാമിലെ ഡബ്യൂ.എച്ച്.ഒ പ്രതിനിധി വ്യക്തമാക്കി.
വിയറ്റ്നാമിൽ കണ്ടെത്തിയത് കോവിഡിന്റെ പുതിയ വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്യൂ.എച്ച്.ഒ). ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ ഭാഗമാണിതെന്ന് വിയറ്റ്നാമിലെ ഡബ്യൂ.എച്ച്.ഒ പ്രതിനിധി കിഡോങ് പാർക്ക് വ്യക്തമാക്കി. ഇതിൽ കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഇന്ത്യൻ, യു.കെ വകഭേദങ്ങളുടെ സങ്കരയിനമാണെന്നാണ് നേരത്തെ വിയറ്റ്നാം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ഇതു വായുവിലൂടെ അതിവേഗം പടർന്നുപിടിക്കുമെന്നും കൂടുതല്‍ അപകടകാരിയാണെന്നും വിയറ്റ്നാം മുന്നറിയിപ്പ് നൽകിയിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്ത് വളരെയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു കാരണം ഈ വകഭേദമാണെന്നായിരുന്നു വിയറ്റ്‌നാം ആരോഗ്യമന്ത്രാലയം അറിയിച്ചത്. വിയറ്റ്നാമിലെ ജന ബാഹുല്യമുള്ള വ്യാവസായിക മേഖലകളിലാണ് പുതിയ ഇനം വ്യാപിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.