കോവിഡ് അത്ര പെട്ടെന്നൊന്നും പോകില്ല, 2009ലെ പന്നിപ്പനി വൈറസ് ഇപ്പോഴുമുണ്ട്: ലോകാരോഗ്യ സംഘടന
|കോവിഡ് ഇപ്പോഴും അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി നിലനില്‍ക്കുകയാണ്
കോവിഡ് അത്ര പെട്ടെന്നൊന്നും അപ്രത്യക്ഷമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തര വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്. 2009ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധി പന്നിപ്പനി (സ്വൈന്‍ ഫ്ലൂ) വൈറസ് ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ഇപ്പോഴും ഒരു അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി നിലനില്‍ക്കുകയാണ്. വാക്സിനേഷന്റെ തോത് കൂട്ടിയാല്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം. അതുവഴി ആശുപത്രി വാസം കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
2012ല്‍ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുപ്രകാരം 2009ലെ സ്വൈന്‍ ഫ്ലൂ ബാധയില്‍ 2,84,500 പേരാണ് മരിച്ചത്. 2009 നവംബറില്‍ ആരംഭിച്ച പകര്‍ച്ചവ്യാധി 2010 ആഗസ്റ്റില്‍ അവസാനിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.
2022ലും മാസ്ക് നമ്മളെ വിട്ടൊഴിയില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ ഇന്നലെ പറഞ്ഞിരുന്നു. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കോവിഡിനെതിരായ യുദ്ധത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.