World
france riot

കലാപത്തിന്‍റെ ദൃശ്യങ്ങള്‍

World

പകല്‍ക്കൊള്ള,തീവെപ്പ്; കത്തിയെരിഞ്ഞ് ഫ്രാന്‍സ്, കലാപം കൂടുതല്‍ മേഖലകളിലേക്ക് പടരുന്നു

Web Desk
|
1 July 2023 7:13 AM GMT

തുടർച്ചയായ നാലാമത്തെ രാത്രിയും അക്രമാസക്തമായ പ്രതിഷേധത്തെ നേരിടാൻ ഫ്രാൻസ് 45,000 പൊലീസുകാരെ വിന്യസിച്ചു

പാരീസ്: ഫ്രാന്‍സില്‍ പതിനേഴുകാരനെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 600 ഓളം പേര്‍ അറസ്റ്റിലായി. കലാപം കൂടുതല്‍ മേഖലകളിലേക്ക് പടരുകയാണെന്നാണ് റിപ്പോര്‍ട്ട്. തുടർച്ചയായ നാലാമത്തെ രാത്രിയും അക്രമാസക്തമായ പ്രതിഷേധത്തെ നേരിടാൻ ഫ്രാൻസ് 45,000 പൊലീസുകാരെ വിന്യസിച്ചു.

മാളുകളും ഷോറൂമുകളും കൊള്ളയടിക്കപ്പെട്ടു. തെരുവുകള്‍ നശിപ്പിക്കുകയും തീവയ്ക്കുകയും ചെയ്തു. കലാപകാരികൾ ആയുധശാലകൾ കൊള്ളയടിച്ചതായി റിപ്പോർട്ടുണ്ട്. സായുധ കലാപകാരികളുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 492 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും 2,000 വാഹനങ്ങൾ കത്തിനശിച്ചുവെന്നും സർക്കാർ കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ സാഹചര്യത്തില്‍ ബസുകളും ട്രാമുകളും രാത്രി 9മണിയോടെ സര്‍വീസ് അവസാനിപ്പിച്ചു. വലിയ പടക്കങ്ങളുടെയും കത്തുന്ന ദ്രാവകങ്ങളുടെയും വിൽപന നിരോധിച്ചിട്ടുണ്ട്.

കിഴക്കൻ നഗരമായ സ്ട്രാസ്ബർഗിൽ വെള്ളിയാഴ്ച പകൽ കൊള്ളയാണ് നടന്നത്. കലാപകാരികൾ ആപ്പിൾ സ്റ്റോറും മറ്റ് കടകളും കൊള്ളയടിച്ചു. പാരീസ് മേഖലയിലെ കുറഞ്ഞത് മൂന്ന് പട്ടണങ്ങളിലും രാജ്യത്തെ മറ്റ് പലയിടത്തും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.അക്രമം നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ നിന്നും പിന്‍മാറി. വ്യാഴാഴ്ച രാത്രി മാത്രം 915-ലധികം അറസ്റ്റുകൾ നടന്നതായി അധികൃതർ അറിയിച്ചു.

അള്‍ജീരിയന്‍, മൊറോക്കന്‍ വംശജനായ നഹെല്‍ എം എന്ന കൗമാരക്കാരന്‍ ചൊവ്വാഴ്ച പാരീസിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള തൊഴിലാളിവര്‍ഗ നഗരമായ നാന്ററെയില്‍ ട്രാഫിക് സ്റ്റോപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥന്‍ സ്വമേധയാ നരഹത്യ നടത്തിയെന്നാണ് പ്രാഥമിക കുറ്റം.

പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വാഹനമോടിക്കുന്നതിനിടെ ഇടതുകൈയിലും നെഞ്ചിലുമായി വെടിയേറ്റാണ് നഹേല്‍ മരിച്ചത്. തനിക്കോ മറ്റ് ആളുകള്‍ക്കോ പരിക്കേല്‍ക്കുമെന്ന് ഭയന്നാണ് വെടിവെച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related Tags :
Similar Posts