World
മനുഷ്യത്വത്തിനെതിരായ കൊടുംകൂരത; ഉയ്ഗൂര്‍ മുസ്‌ലിംകളെ ചൈന അടിമകളാക്കി പണിയെടുപ്പിക്കുന്നതിനെതിരെ യുഎന്‍
World

'മനുഷ്യത്വത്തിനെതിരായ കൊടുംകൂരത'; ഉയ്ഗൂര്‍ മുസ്‌ലിംകളെ ചൈന അടിമകളാക്കി പണിയെടുപ്പിക്കുന്നതിനെതിരെ യുഎന്‍

Web Desk
|
17 Aug 2022 2:47 PM GMT

ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെയാണ് ശിൻജിയാങ് മേഖലയിൽ തടവിലാക്കി അവരിലെ സ്ത്രീകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുകയും നിർബന്ധിതമായി രാപ്പകൽ ജോലിയെടുപ്പിക്കുകയും ചെയ്യുന്നത്.

ശിൻജിയാങ് മേഖലയിൽ ഉയ്​ഗൂർ അടക്കമുള്ള മുസ്‌ലിം വിഭാ​ഗങ്ങളെ ചൈനീസ് ഭരണകൂടം തടവിൽ പാർപ്പിച്ച് അടിമകളാക്കി ജോലിയെടുപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി യുഎൻ. കൃഷി, ഉൽപ്പാദനം തുടങ്ങിയ മേഖലകളിൽ ന്യൂനപക്ഷങ്ങൾ നിർബന്ധിത തൊഴിലാളികളാക്കപ്പെട്ടിരിക്കുകയാണെന്ന് ഒരു സ്വതന്ത്ര യുഎൻ വി​ദ​ഗ്ധൻ ചൂണ്ടിക്കാട്ടി. അടിമത്വം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആധുനിക അടിമത്തത്തെക്കുറിച്ച് യുഎൻ പ്രതിനിധി ടോമോയ ഒബോകാറ്റ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളെയാണ് ശിൻജിയാങ് മേഖലയിൽ തടവിലാക്കി അവരിലെ സ്ത്രീകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുകയും നിർബന്ധിതമായി രാപ്പകൽ ജോലിയെടുപ്പിക്കുകയും ചെയ്യുന്നത്. ഈ ക്രൂരതയെ അപലപിച്ച യുഎസ് അടക്കമുള്ള വിവിധ യൂറോപ്യൻ രാഷ്ട്രങ്ങൾ, ചൈന നടത്തുന്നത് ന്യൂനപക്ഷ വംശഹത്യയാണെന്നും തുറന്നടിച്ചിരുന്നു.

ചൈന നടത്തുന്ന സ്ഥാപനങ്ങളിലൊന്ന് തൊഴിലധിഷ്ഠിത നൈപുണ്യ വിദ്യാഭ്യാസ-പരിശീലന കേന്ദ്രമെന്ന പേരിലാണ്. എന്നാൽ ഇവിടെ ന്യൂനപക്ഷ വിഭാ​ഗങ്ങളിൽപ്പെട്ട സ്ത്രീകളേയും പുരുഷന്മാരെയും തടങ്കലിലാക്കപ്പെടുകയും കടുത്ത ജോലികൾക്ക് വിധേയരാക്കുകയും ചെയ്യുന്നു. മറ്റൊന്ന് തൊഴിൽ കൈമാറ്റത്തിലൂടെ ദാരിദ്ര്യം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമെന്നാണ് വാദമെങ്കിലും ഇവിടെയും സമാന പീഡനമാണ് അരങ്ങേറുന്നത്.

തൊഴിലാളികളുടെ മേൽ പ്രയോഗിക്കുന്ന അധികാരത്തിന്റെ സ്വഭാവവും വ്യാപ്തിയും അമിത നിരീക്ഷണവും ചൂഷണവും അവിടുത്തെ തൊഴിൽ സാഹചര്യങ്ങളും വിലയിരുത്തിയാൽ അത് ആധുനിക അടിമത്തമാണെന്നും അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും റിപ്പോർട്ട് പറയുന്നു. ഇതേ തൊഴിൽ രീതി ടിബറ്റിലും നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ശിൻജിയാങ്ങിൽ തീവ്രവാദത്തെ ചെറുക്കാനെന്ന പേരിൽ രൂപകൽപ്പന ചെയ്ത തൊഴിൽ പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന് ചൈന നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്. പ്രസിഡന്റ് ഷി ജിൻപിങ് കഴിഞ്ഞ മാസം ഈ കേന്ദ്രങ്ങൾ സന്ദർശിക്കുകയും അതിന്റെ പരിഷ്കരണത്തിലും വികസനത്തിലും കൈവരിച്ച പുരോഗതിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതിനെയും യുഎസ് അടക്കമുള്ള വിവിധ രാഷ്ട്രങ്ങൾ വിമർശിച്ചിരുന്നു.

ചൈനയിലെ ഇസ്‍ലാമിന്റെ സാന്നിധ്യം തുടച്ചുനീക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഇത്തരം പീഡന- തടങ്കൽ കേന്ദ്രങ്ങൾ നടത്തുന്നത്. ഉയിഗുർ, കസാഖ്, ഹുയി വിഭാഗങ്ങളിൽ നിന്നടക്കമുള്ള ഏകദേശം 10 ലക്ഷത്തിലധികം മുസ്‍ലിംകളാണ് ഇങ്ങനെ ക്യാമ്പുകളിൽ തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നത്. ഈ ക്യാമ്പുകൾ സന്ദർശിക്കാൻ നേരത്തെ ഐക്യരാഷ്ട്ര സഭ ചൈനീസ് സർക്കാരിന്റെ അനുമതി തേടിയിരുന്നു.

Similar Posts