ലോകത്ത് ആദ്യമായി 11 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യുന്ന രാജ്യമായി ക്യൂബ
|ക്യൂബയിലെ നിരവധി മേഖലകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ല എന്നൊരു പ്രശ്‌നം നിലനിൽക്കുന്നുണ്ട്. അത് മറിക്കടക്കാനാണ് പെട്ടെന്ന് തന്നെ സ്‌കൂൾ തുറക്കാനുള്ള നടപടികളിലേക്ക് ക്യൂബ കടക്കുന്നത്.
കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ ആരംഭിച്ച ലോകത്തെ ആദ്യ രാജ്യമായി ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബ. തദ്ദേശീയമായ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ക്യൂബ കണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്നത്. അതേസമയം ഈ വാക്‌സിന് ഇതുവരെ ലോകാരാഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 1.12 കോടി മാത്രം ജനസംഖ്യയുള്ള ക്യൂബ സ്‌കൂളുകൾ പൂർണമായും തുറക്കുന്നതിന് മുമ്പ് എല്ലാ പൗരൻമാർക്കും കോവിഡ് വാക്‌സിൻ നൽകാനാണ് തീരുമാനം.
ഇന്നലെയാണ് ക്യൂബയിലെ പുതിയ അധ്യയന വർഷം ആരംഭിച്ചത്. പക്ഷേ പഠനം ഇപ്പോഴും ഡിജിറ്റലായി തുടരുകയാണ്. അതേസമയം കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ നിരവധി മേഖലകളിൽ ഇത്തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സുലഭമല്ല എന്നൊരു പ്രശ്‌നം നിലനിൽക്കുന്നുണ്ട്. അത് മറിക്കടക്കാനാണ് പെട്ടെന്ന് തന്നെ സ്‌കൂൾ തുറക്കാനുള്ള നടപടികളിലേക്ക് ക്യൂബ കടക്കുന്നത്.
2 വയസിനും 11 വയസിനും ഇടയിലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം നേരത്തെ തന്നെ ക്യൂബയിൽ നടന്നിരുന്നു. അബ്ഡാല, സൊബേർന എന്ന വാക്‌സിനുകളാണ് കുട്ടികൾക്ക് നൽകുന്നത്. ഇന്നലെയാണ് വാക്‌സിന്റെ ഔദ്യോഗിക വിതരണം ആരംഭിച്ചത്.
എല്ലാവർക്കും വാക്‌സിൻ നൽകിയതിന് ശേഷം ഒക്ടോബർ നവംബർ മാസങ്ങളിൽ മാത്രമേ സ്‌കൂൾ തുറക്കാൻ സാധിക്കൂ എന്നാണ് ക്യൂബയുടെ വിലയിരുത്തൽ.
കോവിഡ് ബാധിച്ച് ഇതുവരെ ക്യൂബയിൽ മരിച്ചത് 5,700 ആൾക്കാരാണ്.
ഇന്ത്യയിലടക്കം വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കുള്ള കോവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണ്. അതേസമയം എത്രയും പെട്ടെന്ന് സ്‌കൂൾ തുറന്നില്ലെങ്കിൽ വലിയ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്.