ബംഗ്ലാദേശില്‍ നാശം വിതച്ച് സിട്രാംഗ് ചുഴലിക്കാറ്റ്; 11 മരണം
|പശ്ചിമ ബംഗാൾ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് തിങ്കളാഴ്ച രാത്രി 9.30 നും 11.30 നും ഇടയിൽ ബാരിസലിന് സമീപം ബംഗ്ലാദേശ് തീരം കടന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു
ധാക്ക: ദുരന്തഭൂമിയായി ബംഗ്ലാദേശ്. തിങ്കളാഴ്ച രാജ്യത്താകെ വീശിയടിച്ച സിട്രാംഗ് ചുഴലിക്കാറ്റില്‍ ആറ് ജില്ലകളിലായി 11 പേര് മരിച്ചു. പശ്ചിമ ബംഗാൾ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് തിങ്കളാഴ്ച രാത്രി 9.30 നും 11.30 നും ഇടയിൽ ബാരിസലിന് സമീപം ബംഗ്ലാദേശ് തീരം കടന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മരിച്ചവരില്‍ രണ്ടു പേര്‍ക്ക് മരം വീണാണ് ജീവന് നഷ്ടമായത്. കുമിളയിലെ നങ്ങൽകോട്ടിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ മരത്തിനടിയിൽ പെട്ടു മരിച്ചു. സിറാജ്ഗഞ്ചിൽ ബോട്ട് മറിഞ്ഞാണ് അമ്മയും മകനും മരിച്ചത്. വീശിയടിച്ച ചുഴലിക്കാറ്റ് പ്രദേശത്ത് വലിയ വെള്ളപ്പൊക്കത്തിനും കാരണമായി. നോഖാലി, ഭോല, ബാരിസൽ, കോക്സ് ബസാർ എന്നിവിടങ്ങളിൽ ഒമ്പത് അടി ഉയരത്തിലാണ് വെള്ളം കയറിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് സിൽഹെറ്റ് ജില്ലയിലൂടെ ധാക്കയെ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
576 ക്യാമ്പുകളിലായി ഏകദേശം 28,000 ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചത്. വൈദ്യുതി,ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായി. പ്രതികൂല കാലാവസ്ഥയെത്തുടർന്ന്, ബരിഷാൽ, ചിറ്റഗോംഗ്, കോക്സ് ബസാർ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങൾ തിങ്കളാഴ്ച ഉച്ച മുതൽ സര്‍വീസ് നിർത്തിവച്ചു. പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതയാണ് നൽകിയിരിക്കുന്നത്. തീരദേശ ജില്ലകളായ സൗത്ത് 24 പർഗാനാസ്, പുർബ മേദിനിപ്പൂർ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസം, മിസോറം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലും കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
ചിറ്റഗോംഗ്, ബാരിസൽ, ഖുൽന ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും. സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.
First time seeing continuous heavy rain with strong wind in Dhaka. I wonder what's the situation in coastal areas where the cyclone is actually hitting. May Allah protect them#CycloneSitrang #Bangladesh pic.twitter.com/XoPaZF75Zc
— Ajijur Rahman 🇧🇩 (@AjijurR84590395) October 24, 2022