'ട്രംപ് ജയിച്ചാൽ അമേരിക്കക്ക് അപകടം': ജോ ബൈഡൻ
|പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ആദ്യമായി പ്രതികരിച്ച് യു.എസ് പ്രസിഡന്റ്
വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയ ശേഷം ആദ്യമായി പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് പിന്മാറ്റത്തെക്കുറിച്ചും എതിർസ്ഥാനാർഥിയായിരുന്ന ട്രംപിനെക്കുറിച്ചും ബൈഡൻ പ്രതികരിച്ചത്. അമേരിക്കയിൽ ജനാധിപത്യം നിലനിർത്താനാണ് താൻ ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ നിന്ന് പിന്മാറാൻ തന്റെ സഹപ്രവർത്തകർ തന്നെ പ്രേരിപ്പിച്ചതായി ബൈഡൻ തുറന്നു സമ്മതിച്ചു. 81കാരനായ ബൈഡൻ വീണ്ടും മത്സരിക്കാനില്ലെന്ന് തീരുമാനിച്ചത് ജൂലൈയിലായിരുന്നു. പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ പിന്തുണക്കുകയും ചെയ്തു. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ സംവാദത്തിൽ പരാജയപ്പെട്ടതോടെ ജോ ബൈഡൻ മത്സരരംഗത്ത് നിന്ന് മാറണമെന്ന് ഡെമോക്രാറ്റ് അംഗങ്ങൾക്കിടയിലും അനുയായികൾക്കിടയിലും ശക്തമായ ആവശ്യം ഉയർന്നിരുന്നു.
'പ്രസിഡൻ്റാകുന്നത് വലിയ ബഹുമതിയാണ്, എന്നാൽ എന്റെ രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ചെയ്യാൻ എനിക്ക് ബാധ്യതയുണ്ട്. അത് ട്രംപിനെ തോൽപ്പിക്കുക എന്നതാണ്. ഈ തെരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചാൽ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുമത്.'- ബൈഡൻ പറഞ്ഞു.
ഡെമോക്രാറ്റിക് പാർട്ടി ഇതുവരെ കമലാ ഹാരിസിനെ പ്രസിഡൻ്റ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഹാരിസിൻ്റെ രംഗപ്രവേശനം തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെ മാറ്റിമറച്ചിട്ടുണ്ട്.