World
We can accepting this martyrdom with a smile-Ismail Haniyehs daughter-in-law Inas Haniyeh, Ismail Haniyeh assassination

ഇസ്മാഈല്‍ ഹനിയ്യ, ഈനാസ് ഹനിയ്യ

World

'ഇത് വിജയം സുനിശ്ചിതമായ പരീക്ഷ; രക്തസാക്ഷിത്വം സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു'-ഇസ്മാഈല്‍ ഹനിയ്യയുടെ മരണത്തില്‍ മരുമകള്‍

Web Desk
|
2 Aug 2024 11:46 AM GMT

''യുദ്ധത്തില്‍നിന്നു രക്ഷപ്പെട്ടു വല്യുപ്പയുടെ അടുത്തേക്ക് പോകാന്‍ അമാലും മുനയും എപ്പോഴും ആവശ്യപ്പെടുമായിരുന്നു. നമ്മള്‍ ആളുകള്‍ക്കിടയിലാണു ജീവിക്കുന്നത്. അവര്‍ക്കിടയില്‍ തന്നെ മരിക്കുമെന്നും എല്ലാവരെയും പോലെത്തന്നെയാണ് നമ്മളുമെന്നെല്ലാം പറയുമായിരുന്നു ഞാന്‍.''

ഗസ്സ സിറ്റി: കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുമൊത്തുള്ള അവസാന ഓര്‍മകള്‍ പങ്കുവച്ച് മരുമകള്‍ ഈനാസ് ഹനിയ്യ. ഭര്‍ത്താവ് ഹാസിം ഹനിയ്യയും മക്കളായ അമാലും മുനയും കൊല്ലപ്പെട്ടപ്പോഴായിരുന്നു ഹനിയ്യ നേരില്‍ സംസാരിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. വിജയം സുനിശ്ചിതമായ പരീക്ഷയാണിതെന്നും അതുകൊണ്ട് ഈ രക്തസാക്ഷിത്വം പുഞ്ചിരിയോടെയും സന്തോഷത്തോടെയും ഏറ്റുവാങ്ങുന്നുവെന്നും ഈനാസ് 'അല്‍ജസീറ'യുടെ അറബി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''എന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും രക്തസാക്ഷിത്വത്തിന്റെ സമയത്താണ് അവസാനമായി അദ്ദേഹവുമായി ഇടപഴകുന്നത്. അഭിമാനത്തോടെയാണ് അദ്ദേഹം ആ വാര്‍ത്ത സ്വീകരിച്ചത്. അവര്‍ക്ക് എല്ലാ കാര്യങ്ങളും എളുപ്പമാകട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. ഒന്നും സംഭവിക്കാത്തെ പോലെയാണ് എന്നെ അദ്ദേഹം ആശ്വസിപ്പിച്ചത്. രക്തസാക്ഷികളുടെ മാതാവേ എന്നു ചിരിച്ചുകൊണ്ട് അദ്ദേഹം എന്നെ വിളിച്ചു. നിങ്ങള്‍ രക്തസാക്ഷികളുടെ ഉപ്പയും ഉപ്പാപ്പയുമല്ലേ എന്നു ഞാന്‍ തിരിച്ച് അങ്ങോട്ടും പറഞ്ഞു.''-ഈനാസ് വെളിപ്പെടുത്തി.

ഇതിനുശേഷവും എപ്പോഴും അദ്ദേഹവുമായി സംസാരിക്കുമായിരുന്നു. 'ശാന്തമായ മനസ്സേ, നിന്റെ സ്രഷ്ടാവിലേക്ക് സന്തോഷത്തോടെ മടങ്ങുക' എന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ വ്യാഖ്യാനം വായിച്ച കാര്യം ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. ഇവിടെയല്ല എന്റെ ഇടമെന്നും, സ്വര്‍ഗമാണമാണു ലക്ഷ്യമെന്നെല്ലാം അദ്ദേഹം വിശദീകരിച്ചെന്നും അവര്‍ പറഞ്ഞു.

ഇതെല്ലാം പുഞ്ചിരിച്ചുകൊണ്ടാണ് താങ്കള്‍ പറയുന്നത്. ലക്ഷങ്ങള്‍ ഇസ്മാഈല്‍ ഹനിയ്യയുടെ മരണത്തില്‍ കരയുമ്പോള്‍ താങ്കള്‍ക്ക് എങ്ങനെ ഇങ്ങനെ പുഞ്ചിരിക്കുന്നു, എവിടെനിന്നാണ് ഈ കരുത്ത് കിട്ടുന്നതെന്ന ചാനല്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ഈനാസിന്റെ മറുപടി ഇങ്ങനെയായിരുന്നു:

''നിങ്ങളൊരു പരീക്ഷയിലാണെന്നു കരുതുക. ഉത്തരങ്ങളെല്ലാം കൃത്യമായി എഴുതാനായി. വിജയപ്രതീക്ഷയിലാണ് നിങ്ങള്‍. അത്തരമൊരു ഘട്ടത്തില്‍ എങ്ങനെയാകുമെന്നു സങ്കല്‍പിക്കുക. ഞങ്ങള്‍ ഈ യാത്ര ആരംഭിച്ചപ്പോള്‍ ഇതിന്റെ ഫലവും വ്യക്തമായിരുന്നു. വിശ്വാസികളെല്ലാം സന്തോഷിക്കുന്ന രക്തസാക്ഷിത്വമായിരുന്നു അത്.

ദൈവത്തില്‍നിന്നു കിട്ടിയതില്‍ സന്തുഷ്ടരാണ് അവര്‍ എന്ന് ഖുര്‍ആനിലൊരു സൂക്തത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ ഇസ്മായില്‍ ഹനിയ്യ സന്തോഷത്തിലായിരിക്കില്ലേ.. അതില്‍ ഞങ്ങളും ആഹ്ലാദിക്കേണ്ടേ... ദൈവമാര്‍ഗത്തില്‍ കൊല്ലപ്പെട്ടവര്‍ മരിച്ചുപോയവരല്ലെന്നും, ദൈവത്തിന്റെ അടുത്ത് പ്രതിഫലങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുകയാണ്, ദൈവത്തില്‍നിന്നു ലഭിച്ചതില്‍ സന്തുഷ്ടരാണ് അവരെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. ഇതാണ് ഞങ്ങളുടെ പാഥേയവും കരുത്തും. ഒട്ടും വൈകാതെ ഈനാസിന്റെ രക്തസാക്ഷിത്വവും സംഭവിക്കും. അതുകൊണ്ട് താന്‍ പേടിക്കുന്നില്ലെന്നും ഈനാസ് വ്യക്തമാക്കി.

ഇസ്മാഈല്‍ ഹനിയ്യയും കുടുംബവും ഗസ്സയിലെ ഹോട്ടലുകളിലാണു താമസിക്കുന്നതെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ രക്തസാക്ഷിത്വങ്ങളെന്നും അവര്‍ പറഞ്ഞു. ആകാശഭൂമികളോളം വലിയ സ്വര്‍ത്തിലാണവര്‍ ഇപ്പോള്‍ കഴിയുന്നത്. ഈ രക്തസാക്ഷികളുടെ രക്തമാണ് ഞങ്ങളുടെ നിരപരാധിത്വത്തിന്റെ ഏറ്റവും വലിയ തെളിവ്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളിലെ രക്തം അതു തെളിയിക്കുന്നു. ഈ രക്തസാക്ഷിത്വത്തിലും ഈ പദവിയിലുമെല്ലാം സന്തോഷമാണുള്ളതെന്നും ഈനാസ് കൂട്ടിച്ചേര്‍ത്തു. 2024 ഏപ്രിലില്‍ ഗസ്സയിലെ ഇസ്മാഈല്‍ ഹനിയ്യയുടെ വീട്ടില്‍ നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് അമാലും മുനയും കൊല്ലപ്പെടുന്നത്.

നേരത്തെ ഒരു വിഡിയോ സന്ദേശത്തില്‍, മക്കളുമൊത്തുള്ള ഒരു അനുഭവവും ഈനാസ് വെളിപ്പെടുത്തിയിരുന്നു. ഈ യുദ്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ രക്തസാക്ഷികളായ എന്റെ പെണ്‍മക്കള്‍, അമാലും മുനയും, എപ്പോഴും പറയുമായിരുന്നു. ചുറ്റുമുള്ള കുരുതിയിലും അക്രമങ്ങളിലും ഭീകരതയിലുമെല്ലാം പേടിച്ചരണ്ടിരിക്കുകയായിരുന്നു അവര്‍. നമ്മള്‍ക്ക് വല്യുപ്പയുടെ അടുത്തേക്ക്(ഖത്തര്‍ തലസ്ഥാനമായ ദോഹ) പോകാമെന്നു പറയുമായിരുന്നു അവര്‍. നമ്മള്‍ക്ക് ഉപ്പാപ്പയുടെ അടുത്ത് പോകാന്‍ പറ്റില്ലെന്നു മറുപടി നല്‍കും ഞാന്‍. നമ്മള്‍ ആളുകള്‍ക്കിടയിലാണു ജീവിക്കുന്നത്. അവര്‍ക്കിടയില്‍ തന്നെ മരിക്കും. എല്ലാവരെയും പോലെത്തന്നെയാണ് നമ്മളുമെന്നെല്ലാം പറയും. അവര്‍ രക്തസാക്ഷികളായപ്പോഴും മറ്റുള്ള രക്തസാക്ഷി കുഞ്ഞുങ്ങളെ പോലെ തന്നെയായിരുന്നു അവരും. അമാല്‍, മുനാ.. നിങ്ങളുടെ വല്യുപ്പ ഇതാ ഇപ്പോള്‍ നിങ്ങളെ കാണാന്‍ എത്തിയിരിക്കുന്നു. ഗംഭീര സ്വീകരണം നല്‍കുക അദ്ദേഹത്തിനെന്നും സന്ദേശത്തില്‍ ഈനാസ് നിറകണ്ണുകളോടെ പറഞ്ഞു.

2024 ഏപ്രിലില്‍ ഗസ്സയിലെ വീട്ടില്‍ നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് അമാലും മുനയും കൊല്ലപ്പെടുന്നത്.

Summary: 'We can accepting this martyrdom with a smile'-Ismail Haniyeh's daughter-in-law Inas Haniyeh

Similar Posts