പാകിസ്താനിലെ അഫ്ഗാൻ സ്ഥാനപതിയുടെ മകളെ തട്ടിക്കൊണ്ടുപോയി; ക്രൂരമർദനത്തിനിരയാക്കി വിട്ടയച്ചു
|48 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ നിർദേശം നൽകിയിട്ടുണ്ട്
പാകിസ്താനിലെ അഫ്ഗാൻ അംബാസഡറുടെ മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമർദനത്തിനിരയാക്കി. നജീബുല്ല അലിഖേലിന്‍റെ മകൾ 27 കാരിയായ സിൽസില അലിഖേലിനെയാണ് തട്ടുകൊണ്ടുപോയത്. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയിലാണ് സംഭവം.
ഇളയ സഹോദരന് സമ്മാനം വാങ്ങി വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയിലാണ് അജ്ഞാത സംഘം തട്ടുക്കൊണ്ടുപോയത്. ക്രൂരമർദനത്തിനിരയാക്കിയ ശേഷമാണ് സിൽസിലയെ വിട്ടയച്ചത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് അംബാസഡർക്കും കുടുംബത്തിനും സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. 48 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ നിർദേശം നൽകിയിട്ടുണ്ട്. പാകിസ്താനും അഫ്ഗാനിസ്താനുമിടയിൽ ഏറെയായി തുടരുന്ന ആരോപണ- പ്രത്യാരോപണങ്ങൾ ശക്തമാകുന്നതിനിടെ നടക്കുന്ന ആക്രമണം അയൽരാജ്യങ്ങൾക്കിടയിലെ ബന്ധം വഷളാക്കുമെന്ന ആശങ്കയുണ്ട്.
താലിബാന് പാകിസ്താൻ സഹായം നൽകുന്നതായി അഫ്ഗാൻ സർക്കാർ ആരോപിക്കുമ്പോൾ പാക് മണ്ണിൽ ആക്രമണത്തിന് തീവ്രവാദികൾക്ക് മണ്ണൊരുക്കുന്നതായി ഇസ്ലാമാബാദ് സർക്കാറും ആരോപിക്കുന്നു. ആരോപണം ഇരു വിഭാഗവും നിഷേധിച്ചു.