'അവനൊരു മിടുക്കനായ വിദ്യാർഥിയായിരുന്നു'; പ്രാഗിലെ യൂണിവേഴ്സിറ്റിയിൽ 14 പേരെ വെടിവച്ച് കൊന്ന പ്രതിയെ കുറിച്ച് പൊലീസ് മേധാവി
|'പ്രതിക്ക് തീവ്രവാദ ആശയങ്ങളുമായോ ഗ്രൂപ്പുകളുമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് സംശയിക്കുന്നില്ല'- ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ചാള്സ് സർവകലാശാലയിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വെടിവയ്പ്പുണ്ടായതെന്ന് ചെക്ക് പൊലീസ് അറിയിച്ചു.
24കാരനായ ചരിത്ര വിദ്യാർഥി ഡേവിഡ് ഹൊസാക്കാണ് കൂട്ടക്കൊല നടത്തിയത്. തുടർന്ന് അക്രമിയെ വെടിവെച്ചുകൊന്നതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, 14 പേരെ വെടിവച്ച് കൊന്ന പ്രതി മിടുക്കനായ വിദ്യാർഥിയായിരുന്നെന്ന വാദവുമായി പൊലീസ് രംഗത്തെത്തി. '24കാരനായ ഡേവിഡ് കൊസാക്ക് പ്രാഗിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ചാൾസ് സർവകലാശാലയിൽ പോളിഷ് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അവൻ ഒരു മികച്ച വിദ്യാർഥി ആയിരുന്നു'- പ്രാഗ് പൊലീസ് മേധാവി മാർട്ടിൻ വോൻഡ്രാസെക് പറഞ്ഞു.
നിയമപരമായി നിരവധി തോക്കുകൾ കൈവശം വച്ചിരുന്ന ഇയാളുടെ പക്കൽ സംഭവസമയത്ത് വൻതോതിൽ ആയുധങ്ങളുമുണ്ടായിരുന്നെന്നും പൊലീസ് മേധാവി വ്യക്തമാക്കി. ഡേവിഡ് കൊസാക്ക്, പ്രാഗിൽ കൂട്ടക്കൊല നടത്തുന്നതിന് മുമ്പ് അടുത്തുള്ള പട്ടണമായ ഹൂസ്റ്റണിൽ വച്ച് തന്റെ പിതാവിനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നു. ഇയാൾക്ക് കൂട്ടാളികളില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
തനിക്ക് കൊലപാതകം നടത്താൻ ആഗ്രഹമുണ്ടെന്ന് കൂട്ടക്കൊലയ്ക്ക് മുമ്പ്, മെസേജിങ് ആപ്പായ ടെലഗ്രാമിൽ പ്രതി കുറിച്ചിരുന്നു. 'എനിക്ക് സ്കൂളിൽ വെടിവയ്പ്പ് നടത്താനും ജീവനൊടുക്കാനും ആഗ്രഹമുണ്ട്'- ഡേവിഡ് ഒരു പോസ്റ്റിൽ കുറിച്ചു. കൂട്ടക്കൊലയ്ക്ക് ഒരാഴ്ച മുമ്പ് മറ്റൊരാളെയും നവജാത ശിശുവിനെയും വെടിവച്ചു കൊന്നതും ഇയാളാണെന്ന് പൊലീസ് സംശയിക്കുന്നു.
അതേസമയം, ചാൾസ് യൂണിവേഴ്സിറ്റിയിൽ കൊല്ലപ്പെട്ടവരെക്കുറിച്ചോ വെടിവയ്പ്പിന്റെ കാരണത്തെ കുറിച്ചോ പൊലീസ് ഇതുവരെ വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല. പ്രതിക്ക് തീവ്രവാദ ആശയങ്ങളുമായോ ഗ്രൂപ്പുകളുമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നില്ലെന്ന് ചെക്ക് ആഭ്യന്തര മന്ത്രി വിറ്റ് രാകുസൻ പറഞ്ഞു.