അവസാന പന്തുവരെ കളിക്കുമെന്ന് പറഞ്ഞ ഇമ്രാൻ കളിനിയമങ്ങൾ കീറിയെറിയുന്നു: ദി ഡോൺ എഡിറ്റോറിയൽ
|പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിധി നിർണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പാകിസ്താനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിശ്വാസ വോട്ടെടുപ്പിൽ തോൽക്കുമെന്നുറപ്പായതോടെ പ്രസിഡണ്ടിനെ കൂട്ടുപിടിച്ച് നാഷണൽ അസംബ്ലി പിരിച്ചുവിട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പാകിസ്താനിൽ വൻ പ്രതിഷേധം. നേരത്തെ, 'അവസാന പന്തുവരെ കളിക്കുമെന്ന്' പ്രഖ്യാപിച്ചിരുന്ന ഇമ്രാൻ കളിനിയമങ്ങൾ തന്നെ കീറിയെറിയുകയാണുണ്ടായതെന്നും ജനാധിപത്യത്തിനും ഭരണഘടനക്കും വൻ തിരിച്ചടിയേൽപ്പിച്ച ഇമ്രാന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും പാകിസ്താനിലെ ഏറ്റവും വലിയ ഇംഗ്ലീഷ് മാധ്യമായ 'ദി ഡോൺ' എഡിറ്റോറിയലെഴുതി.
'ജനാധിപത്യപരമായി അധികാരത്തിലെത്തിയ ഒരു പാർട്ടി ജനാധിപത്യ ക്രമം തന്നെ ചുട്ടെരിക്കുന്നതാണ് കാണുന്നത്. ഇതായിരിക്കും ഇമ്രാൻ ഖാന്റെ അവസാനതന്ത്രമെന്ന് ആരും ഊഹിച്ചിരുന്നില്ല. തോൽവി ഉറപ്പിച്ച തുടരുന്ന ഒരു നേതാവിന്റെ ഉത്തരവനുസരിച്ച് പാർലമെന്ററി പ്രക്രിയ അട്ടിമറിച്ചതിലൂടെ, പാകിസ്താൻൻ ഭരണഘടനാ പ്രതിസന്ധിയുടെ ഇരുണ്ട അഗാധത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.' - ദി ഡോൺ എഡിറ്റോറിയലിൽ പറയുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതിയാണ് ഇനി തീരുമാനം പറയേണ്ടതെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാര്യങ്ങളിൽ വലിയ പുരോഗതിയുണ്ടാകാനിടയില്ലെന്നും എഡിറ്റോറിയലിൽ പറയുന്നു.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിധി നിർണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പാകിസ്താനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താൻ പാർലമെന്റ് ഡെപ്യുട്ടി സ്പീക്കർ വിസമ്മതിച്ചതിനു പിന്നാലെ പാകിസ്താൻ പ്രസിഡണ്ട് ഡോ. ആരിഫ് അൽവി പാർലമെന്റായ നാഷണൽ അസംബ്ലി പിരിച്ചുവിടുകയായിരുന്നു.
'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ ഭരണഘടനയുടെ 58(1), 48(1) വകുപ്പുകൾ പ്രകാരം നാഷണൽ അസംബ്ലി പിരിച്ചുവിടണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം പ്രസിഡണ്ട് ഡോ. ആരിഫ് അൽവി അംഗീകരിച്ചിരിക്കുന്നു.' - പാക് പ്രസിഡണ്ടിന്റെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു. നേരത്തെ, നാഷണൽ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ പാക് ജനതയോട് നടത്തിയ അഭിസംബോധനയിൽ പറഞ്ഞിരുന്നു.
ഇന്ന് നടക്കുമെന്ന് കരുതപ്പെട്ടിരുന്ന വിശ്വാസ വോട്ടെടുപ്പിന് നാഷണൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി അനുമതി നിഷേധിച്ചതിനു പിന്നാലെയായിരുന്നു ഇമ്രാന്റെ നീക്കം. അവിശ്വാസ പ്രമേയം രാജ്യതാൽപര്യങ്ങൾക്ക് എതിരാണെന്ന വാദമുയർത്തിയാണ് ഖാസിം സൂരി അവതരണാനുമതി നിഷേധിച്ചത്. ഇമ്രാനെതിരായ രാഷ്ട്രീയ നീക്കം വിദേശ രാജ്യങ്ങളുടെ താൽപര്യത്തോടെയാണെന്നും അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിക്കരുതെന്നും പാകിസ്താൻ വാർത്താവിനിമയ മന്ത്രി ഫവാദ് ചൗധരി പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, അവിശ്വാസ പ്രമേയത്തെ പാർലമെന്റിൽ നേരിടുമെന്നും അവസാന പന്തുവരെ കളിക്കുന്ന കളിക്കാരനാണ് താനെന്നുമാണ് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നത്. എന്നാൽ, വിശ്വാസ വോട്ടെടുപ്പിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു വ്യക്തമായതോടെയാണ് വിചിത്ര നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. തഹ്രീകെ ഇൻസാഫ് പാർട്ടി തലവനായ ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്നു നീക്കാൻ 172 വോട്ടുകളാണ് പ്രതിപക്ഷത്തിന് വേണ്ടത്. നിലവിൽ 195 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവർ അവകാശപ്പെടുന്നു.