ഇന്ത്യയ്ക്ക് തിരിച്ചടി; ദാവൂദ് ഇബ്രാഹീമിന്റെ അനന്തരവൻ പാകിസ്താനിലേക്ക് കടന്നു
|യുഎസില്‍ നാർക്കോ-ഭീകര കേസിൽ പിടിയിലായ സുഹൈൽ കാസ്‌കറിനെ ഇന്ത്യയിലെത്തിക്കാനുള്ള ഊർജിതശ്രമത്തിലായിരുന്നു മുംബൈ പൊലീസ്
അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളിയും അനന്തരവനുമായ സുഹൈൽ കാസ്‌കറിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടി. സുഹൈൽ ദുബൈ വഴി പാകിസ്താനിലേക്ക് കടന്നതായി റിപ്പോർട്ട്. യുഎസ് സൈന്യത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടാണ് ഇയാൾ പാകിസ്താനിലെത്തിയത്.
അമേരിക്കയിൽ നാർക്കോ ഭീകരവാദ കേസിൽ പിടിയിലായ സുഹൈൽ കാസ്‌കറിനെ ഇന്ത്യയിലെത്തിക്കാനുള്ള ഊർജിതശ്രമത്തിലായിരുന്നു മുംബൈ പൊലീസ്. ഇതിനായി യുഎസ് വൃത്തങ്ങളുമായി സംസാരിച്ചുവരുന്നതിനിടെയാണ് ഇയാൾ ഇവിടെനിന്ന് മുങ്ങിയതായി വ്യക്തമാകുന്നത്. സുഹൈലിന്റെ ഒരു ശബ്ദസന്ദേശത്തിൽനിന്നാണ് ഇയാൾ പാകിസ്താനിലെത്തിയതായി മനസിലാകുന്നത്. ഇക്കാര്യം യുഎസ് വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
2010ൽ വൃക്കരോഗത്തെത്തുടർന്ന് മരിച്ച ദാവൂദ് ഇബ്രാഹീമിന്റെ അളിയൻ നൂറ കാസ്‌കറിന്റെ മകനാണ് സുഹൈൽ കാസ്‌കർ. ഡി-കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയുന്നയാളാണ് സുഹൈലെന്നാണ് പൊലീസ് കരുതുന്നത്. സുഹൈലിനെതിരെ ഇന്ത്യയിൽ പ്രത്യേകമായി കേസൊന്നുമില്ലെങ്കിലും ഏതാനും ദിവസങ്ങളായി ഇയാൾ മുംബൈ പൊലീസിന്റെ റഡാറിലുണ്ട്. ദാവൂദ് ഇബ്രാഹീമിന്റെ താമസമടക്കമുള്ള വിവരങ്ങളെല്ലാം അറിയാവുന്നയാളായാണ് പൊലീസ് ഇയാളെ കണക്കാക്കുന്നത്.
Summary: Dawood Ibrahim's nephew Sohail Kaskar flees to Pakistan