World
ഡെല്‍റ്റയേക്കാള്‍ വിനാശകാരി; ലാംഡ വകഭേദം 30 രാജ്യങ്ങളില്‍ കണ്ടെത്തി
World

ഡെല്‍റ്റയേക്കാള്‍ വിനാശകാരി; ലാംഡ വകഭേദം 30 രാജ്യങ്ങളില്‍ കണ്ടെത്തി

Web Desk
|
7 July 2021 10:51 AM GMT

പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്​.

കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ വിനാശകാരിയായ ലാംഡ വകഭേദം കണ്ടെത്തി. 30ലധികം രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയെന്ന് യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് ആഴ്ചക്കിടെയാണ് 30ലധികം രാജ്യങ്ങളില്‍ ലാംഡ സ്ഥിരീകരിച്ചത്.

പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്​. യു.കെയിൽ ഇതുവരെ ആറ്​ ലാംഡ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ലാംഡ വകഭേദം ഡെൽറ്റ വകഭേദ​ത്തേക്കാൾ അപകടകാരിയാണെന്ന്​ ഗവേഷകർ കണ്ടെത്തിയതായി 'ദ സ്റ്റാർ' റിപ്പോർട്ട്​ ചെയ്​തു. ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ പടരുമെന്നാണ് കണ്ടെത്തല്‍.

മേയ്​, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളും ലാംഡ വകഭേദമാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട്​ ചെയ്​തെന്ന് പി.എ.എച്ച്​.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ്​ പറഞ്ഞു.

എന്നാൽ ലാംഡ വകഭേദത്തിന്‍റെ വ്യാപനശേഷി സംബന്ധിച്ച കൂടുതല്‍ ഗവേഷണ റിപ്പോര്‍​ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. ഡെൽറ്റ വകഭേദത്തിന്‍റെ ഭീഷണി തുടരുന്നതിനിടെയാണ് ​ലാംഡ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിച്ചത്.

Similar Posts