ഡെല്‍റ്റയേക്കാള്‍ വിനാശകാരി; ലാംഡ വകഭേദം 30 രാജ്യങ്ങളില്‍ കണ്ടെത്തി
|പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.
കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ വിനാശകാരിയായ ലാംഡ വകഭേദം കണ്ടെത്തി. 30ലധികം രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയെന്ന് യു.കെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാല് ആഴ്ചക്കിടെയാണ് 30ലധികം രാജ്യങ്ങളില്‍ ലാംഡ സ്ഥിരീകരിച്ചത്.
പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്. യു.കെയിൽ ഇതുവരെ ആറ് ലാംഡ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാംഡ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണെന്ന് ഗവേഷകർ കണ്ടെത്തിയതായി 'ദ സ്റ്റാർ' റിപ്പോർട്ട് ചെയ്തു. ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ പടരുമെന്നാണ് കണ്ടെത്തല്‍.
മേയ്, ജൂൺ മാസങ്ങളിൽ പെറുവിൽ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളും ലാംഡ വകഭേദമാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്ഗനൈസേഷന് റിപ്പോര്‍ട്ട് ചെയ്തു. എട്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട് ചെയ്തെന്ന് പി.എ.എച്ച്.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ് പറഞ്ഞു.
എന്നാൽ ലാംഡ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച കൂടുതല്‍ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. ഡെൽറ്റ വകഭേദത്തിന്റെ ഭീഷണി തുടരുന്നതിനിടെയാണ് ലാംഡ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിച്ചത്.