2021 ല്‍ 3500 വെടിവെപ്പുകള്‍; അമേരിക്കയുടെ കൊലപാതക തലസ്ഥാനമായി ചിക്കാഗോ
|25 വർഷത്തിനിടെ ആദ്യമായാണ് ഇത്രയുമധികം കൊലപാതകങ്ങൾ ചിക്കാഗോ നഗരത്തിൽ അരങ്ങേറുന്നത്
2021 അമേരിക്കയിൽ ഏറ്റവുമധികം കൊലപാതകങ്ങൾ അരങ്ങേറിയത് ചിക്കാഗോ നഗരത്തില്‍. എണ്ണൂറോളം കൊലപാതകങ്ങളാണ് 2021 ൽ ചിക്കാഗോ നഗരത്തില്‍ അരങ്ങേറിയത്.പോയ വര്‍ഷം ഏറ്റവുമധികം വെടിവെപ്പുകള്‍ നടന്നതും ചിക്കാഗോയില്‍ തന്നെ.
797 കൊലപാതകങ്ങളാണ് ചിക്കാഗോ നഗരത്തിൽ കഴിഞ്ഞ വർഷം നടന്നത്. 25 വർഷത്തിനിടെ ആദ്യമായാണ് ഇത്രയുമധികം കൊലപാതകങ്ങൾ ചിക്കാഗോ നഗരത്തിൽ അരങ്ങേറുന്നത്. 3561 വെടിവെപ്പുകളാണ് നഗരത്തിൽ കഴിഞ്ഞ വർഷം അരങ്ങേറിയത്. മുൻ വർഷത്തേതിനേക്കാൾ 300 എണ്ണം കൂടുതലാണ് ഇത്.ഇതില്‍ 75 വെടിവെപ്പുകള്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ്. അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളായ ന്യൂയോർക്കും ലോസ് ആഞ്ചലസുമൊക്കെ കൊലപാതകങ്ങളുടെ കാര്യത്തില്‍ ചിക്കാഗോക്ക് പിറകിലാണ്.
വലിയവെല്ലുവിളികൾ നിറഞ്ഞ വർഷമാണ് കടന്നുപോയത് എന്നും നിരവധിപേർക്കാണ് ഉറ്റവരെ നഷ്ടമായത് എന്നും ചിക്കാഗോ പൊലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ പറഞ്ഞു.2022 ല്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും കൊലപാതകങ്ങളില്‍ നിന്ന് ചിക്കാഗോയെ മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.