"ജനാധിപത്യത്തിന്റെ മരണം"; ഋഷി സുനകിനെ ബ്രിട്ടീഷ് മാധ്യമങ്ങൾ വരവേറ്റത് ഇങ്ങനെ
|'ഒരു രാജാവിനേക്കാൾ ധനികൻ പക്ഷേ, സാധാരണക്കാരെ കുറിച്ച് യാതൊരു ധാരണയുമില്ല'
ലണ്ടൻ: ആരാണ് നിങ്ങൾക്ക് വോട്ട് ചെയ്‌തത്..?, ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രി.. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യൻ വംശജൻ ഋഷി സുനകിനെ ബ്രിട്ടണിലെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ഇങ്ങനെ. രൂക്ഷ വിമർശനമാണ് മുൻനിര ,മാധ്യമങ്ങളിൽ നിന്നടക്കം സുനക് നേരിട്ടുകൊണ്ടിരിക്കുന്നത്.
'ഒരു വോട്ട് പോലും നേടാതെ മറ്റൊരു ടോറി (ബ്രിട്ടണിലെ യാഥാസ്ഥിതിക പാര്‍ട്ടിയംഗം) ഇതാ അധികാരത്തിൽ എത്തിയിരിക്കുന്നു. ഒരു രാജാവിനേക്കാൾ ധനികൻ പക്ഷേ, സാധാരണക്കാരെ കുറിച്ച് യാതൊരു ധാരണയുമില്ല'; ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്‌തു.
ജനാധിപത്യത്തിന്റെ മരണമെന്നായിരുന്നു മറ്റൊരു മാധ്യമമായ ഡെയ്‌ലി റെക്കോർഡിന്റെ വിമർശനം. 'ആഴ്ച്ചകൾക്ക് മുൻപ് സ്വന്തം പാർട്ടി പോലും സുനകിനെ തള്ളിയിരുന്നു. എന്നിട്ടുപോലും വെറും 100 യാഥാസ്ഥിതിക എംപിമാരുടെ പിന്തുണയുള്ള ഏക സ്ഥാനാർത്ഥി ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നു, ജനാധിപത്യത്തിന്റെ മരണം'; ഡെയ്‌ലി റെക്കോർഡിന്റെ വിശേഷണം ഇങ്ങനെ.
ഒറ്റ വോട്ടുപോലുമില്ലാത്ത പ്രധാനമന്ത്രി എന്ന പ്രഖ്യാപനത്തോടെയാണ് ദി ഇൻഡിപെൻഡൻഡ് ഋഷി സുനകിനെ വരവേറ്റത്. വിമർശനങ്ങൾക്ക് പിന്നാലെ പൊതുതെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ. ഇതുവരെ നാല് ലക്ഷത്തോളം ആളുകൾ പൊതുതെരഞ്ഞെടുപ്പിനെ പിന്തുണച്ച് വോട്ട് ചെയ്‌തിട്ടുണ്ടെന്നും മാധ്യമങ്ങൾ അവകാശപ്പെടുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഋഷി സുനകോ മറ്റ് അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബ്രിട്ടന്റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി സുനക്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ചൊവ്വാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങുകൾ. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്‍റെ 57ആം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്.
പൊതുസഭാ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെയാണ് ഋഷി സുനകിന് നറുക്ക് വീഴുന്നത്. ഈ വർഷത്തെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി. ബോറിസ് ജോൺസൺ രാജിവച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരത്തിൽ എത്തിയെങ്കിലും പ്രധാനമന്ത്രി കസേരയിലെ ചൂട് മാറുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നു.
സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്. നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന മത്സരത്തില്‍ ഋഷിയെ ലിസ് ട്രസ് പരാജയപ്പെടുത്തിയിരുന്നു.