കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനെതിരെ വധഭീഷണി; ബോഡിഗാർഡിനെ നിയമിച്ച് ഇസ്രയേൽ ആരോഗ്യ ഉദ്യോഗസ്ഥർ
|വാക്സിൻ വിരുദ്ധത പലയിടത്തുമുണ്ട്, എന്നാൽ പൊതു ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഭീഷണി ഉയർത്തുന്നത് ഇസ്രയേലിൽ മാത്രമാണെന്ന് പൊതുസുരക്ഷ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ
ഇസ്രയേലിൽ അഞ്ചുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ഏതാണ്ടുറപ്പായിരിക്കെ ആരോഗ്യപ്രവർത്തകർക്കെതിരെ വധഭീഷണിയും അധിക്ഷേപവും വർധിക്കുന്നു. ഭീഷണികൾ കൂടിവന്നതിനാൽ പൊതുആരോഗ്യ സേവന വിഭാഗത്തിന്റെ മേധാവി ഡോ. ഷാരോൺ ആൽറോയ് പ്രെയിസ് ബോഡിഗാർഡനെ നിയമിച്ചിരിക്കുകയാണ്. കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ഇസ്രയേലിൽ വലിയ പ്രശ്നമാണെന്നും ഇതിനെതിരെയുള്ള ഭീഷണികളിൽ തനിക്ക് ഭയമുണ്ടെന്നുമാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നിർദേശം ഈയടുത്ത് തന്നെ ആരോഗ്യമന്ത്രാലയം നൽകും. ഈ സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ചകളിൽ ഞങ്ങൾ വധഭീഷണിയും അധിക്ഷേപങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്' -പൊതുസുരക്ഷ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ടോമർ ലോട്ടൻ പറഞ്ഞു.
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചെറിയ കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് അനുമതി നൽകിയിരുന്നു. അമേരിക്കയിൽ വാക്സിൻ നൽകാൻ തുടങ്ങിയിട്ടുമുണ്ട്. കുട്ടികൾക്കായി ഓർഡർ ചെയ്ത പത്തു മൈക്രോഗ്രാം ഡോസുകൾ വീതമുള്ള ഫൈസർ വാക്സിൻ അടുത്താഴ്ച ഇസ്രയേലിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇതിനിടെ, കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടക്കുന്ന വിദഗ്ദരുടെ ചർച്ച പ്രക്ഷേപണം ചെയ്യണമോയെന്ന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടില്ല. കമ്മിറ്റി അംഗങ്ങൾക്കെതിരെ പൊതുജനം അധിക്ഷേപങ്ങൾ ഉയർത്തുകയും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുമോയെന്ന് ഭയന്നാണ് തീരുമാനമെടുക്കാത്തത്. അടച്ചിട്ട ചർച്ചയിൽ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാമെന്നും അധികൃതർ കരുതുന്നു. കഴിഞ്ഞ ചർച്ചയിൽ പൊതുജനങ്ങൾ രൂക്ഷപ്രതികരണങ്ങൾ നടത്തിയിരുന്നു.
ഭീഷണികൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണൾ നടക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും എന്നാലും മൊബൈൽ ഫോണിൽ വാട്സ്ആപ്പ് വഴിയും കോളുകൾ വഴിയും പലരും ഭീഷണി മുഴക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ഭീഷണിയുണ്ടായിരുന്നു - ലോട്ടൻ പറഞ്ഞു. ലോകത്തെമ്പാടും വാക്സിൻ വിരുദ്ധർ ഗൂഢാലോചന സിദ്ധന്തവും ഉയർത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പൊതുഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഭീഷണി ഉയർത്തുന്നത് ഇസ്രയേലിൽ മാത്രമാണെന്നും ഈ രീതി രാജ്യത്ത് ആദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രീതിയിലുള്ള അധിക്ഷേപവും ഭീഷണിയും തങ്ങൾ ഗൗരവമായെടുക്കുമെന്നും ലോട്ടൻ പറഞ്ഞു.
യഥാർത്ഥത്തിൽ ഭീഷണികൾക്കെതിരെ കേസെടുത്ത് വിചാരണ ചെയ്യപ്പെടണം. എന്നാൽ ഇസ്രയേലി നിയമമനുസരിച്ച് പല ഭീഷണികളും ക്രിമിനൽ സ്വഭാവത്തിലുള്ളതായി കണക്കാക്കപ്പെടുകയില്ല, മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽപ്പെടുന്നതുമാണ്. ഭീഷണി ക്രിമിനൽ പരിധിയിൽപ്പെടുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സുരക്ഷ ഒരുക്കേണ്ടത് പൊലീസാണെന്നും ഭീഷണികൾ വിലയിരുത്തി നടപടി എടുക്കേണ്ടത് അവരാണെന്നും ലോട്ടൻ പറഞ്ഞു. തനിക്കും ഭീഷണിയുണ്ടെന്നും എന്നാൽ സുരക്ഷ ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാലും പൊലീസും തന്റെ മന്ത്രലയവും ഡോ. ഷാരോൺ ആൽറോയ് പ്രെയിസ് അടക്കമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ പരമാവധി നടപടികൾ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.