World
കാബൂൾ സ്‌ഫോടനത്തിൽ മരണസംഖ്യ 60 ആയി
World

കാബൂൾ സ്‌ഫോടനത്തിൽ മരണസംഖ്യ 60 ആയി

Web Desk
|
10 May 2021 1:24 AM GMT

കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും വിദ്യാർത്ഥികൾ

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്‌കൂൾ കെട്ടിടത്തിനടുത്തുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 60 ആയി. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കൂടുതൽ പേരും പെൺകുട്ടികളടക്കം വിദ്യാർത്ഥികളാണ്. നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് കാബൂളിലെ ശിയാ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ദാഷ്‌ത്തെ ബാർച്ചിയിലാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. കുട്ടികൾ സ്‌കൂൾ വിട്ട് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിനു പിന്നിൽ താലിബാനാണെന്ന് അഫ്ഗാൻ ഭരണകൂടം ആരോപിച്ചെങ്കിലും സംഘം നിഷേധിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ കാബൂളിലുള്ള ദാഷ്‌ത്തെ ബാർച്ചി ന്യൂനപക്ഷ സമുദായമായ ഹസാരകളുടെ അധിവാസ മേഖലയാണ്. മംഗോളിയൻ-മധ്യേഷ്യൻ വംശജരായ ഇവർ ഭൂരിഭാഗവും ശിയാ മുസ്‌ലിംകളുമാണ്. കൃത്യം ഒരു വർഷം മുൻപ് പ്രദേശത്തെ പ്രസവ ചികിത്സാകേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ സ്ത്രീകളും ശിശുക്കളും കുട്ടികളുമടക്കം 24 പേർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഇന്നലത്തെ ആക്രമണത്തിൽ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അഫ്ഗാനില്‍ സേവനത്തിലുള്ള തങ്ങളുടെ സൈനികരെ പൂർണമായും പിൻവലിക്കാനുള്ള നടപടികൾ ഈ മാസം ആദ്യത്തിൽ അമേരിക്കൻ സർക്കാർ ആരംഭിച്ചിരുന്നു. സെപ്റ്റംബർ 11ഓടെ യുഎസ് സൈനികരെ പൂർണമായും പിൻവലിക്കാനാണ് ജോ ബൈഡൻ സർക്കാരിന്റെ പദ്ധതി.

Related Tags :
Similar Posts