World
death toll in Gazza passes 4,700; The UN Security Council will meet again today
World

ഗസ്സയിൽ മരണം 4700 കടന്നു; യു.എൻ രക്ഷാസമിതി ഇന്ന് വീണ്ടും യോഗം ചേരും

Web Desk
|
23 Oct 2023 12:43 AM GMT

ബന്ദികളുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തെൽ അവീവിൽ ഇസ്രായേൽ പ്രസിഡന്റിന്റെ വസതിക്കു മുന്നിൽ പ്രകടനം നടന്നു.

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 4700 കടന്നു. ഇന്ധനം ഇല്ലാതായതോടെ ആശുപത്രികളിൽ പലതും പ്രവർത്തനം നിർത്തേണ്ട സ്ഥിതിയിലാണ്. യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായിരിക്കെ, ലബനാൻ അതിർത്തി പ്രദേശങ്ങളിൽനിന്ന് പുതുതായി പതിനായിരങ്ങളെ ഇസ്രായേൽ ഒഴിപ്പിക്കുകയാണ്. യു.എൻ രക്ഷാസമിതിക്കു മുമ്പാകെ ഇന്ന് വീണ്ടും വെടിനിർത്തൽ പ്രമേയം ചർച്ചക്കെത്തും.

ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം കൂടുതൽ കടുപ്പിച്ചതോടെ മരണസംഖ്യയും ഉയരുകയാണ്. ഞായറാഴ്ച മാത്രം 380 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ അധികവും സ്ത്രീകളും കുട്ടികളും. തെക്കൻ ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങൾക്കും അഭയാർഥികൾ തങ്ങുന്ന സ്‌കൂളുകൾക്കും നേരെ ആക്രമണമുണ്ടായി. റഫ അതിർത്തി മുഖേന പരിമിതമായ തോതിൽ ഇന്നലെയും സഹായം എത്തിയെങ്കിലും വലിയ മാനുഷിക ദുരന്തത്തിലേക്ക് തന്നെയാണ് ഗസ്സനീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റീജ്യനൽ ഡയരക്ടർ പറഞ്ഞു. ആരോഗ്യമേഖല ശരിക്കും തകർച്ചയിലാണ്. ഗസ്സയിലെ 35 ആശുപത്രികളിൽ 20 എണ്ണത്തിന്റെയും പ്രവർത്തനം നിലച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്ധനം എത്തിയില്ലെങ്കിൽ ആയിരത്തിലേറെ കിഡ്‌നി രോഗികൾ മരണപ്പെടുമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ഹമാസ് പോരാളികളുടെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബന്ദികളുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തെൽ അവീവിൽ ഇസ്രായേൽ പ്രസിഡന്റിന്റെ വസതിക്കു മുന്നിൽ പ്രകടനം നടന്നു. ഖത്തറും തുർക്കിയും മുൻകൈയെടുത്ത് ബന്ദികളുടെ മോചന ചർച്ചകൾ തുടരുന്നതായ റിപ്പോർട്ടുകളുണ്ട്. കരയുദ്ധം നീളുന്നത് ബന്ദി പ്രശ്‌നം മുൻനിർത്തിയാണെന്ന റിപ്പോർട്ടുകൾ പക്ഷെ, ഇസ്രായേൽ സൈന്യം തള്ളി. അമേരിക്ക ഉൾപ്പെടെ ഒരു രാജ്യത്തിന്റെയും സമ്മർദം ഇക്കാര്യത്തിൽ ഇല്ലെന്നും സൈനിക വക്താവ് പറഞ്ഞു. മാസങ്ങൾ വേണ്ടിവന്നാലും ഹമാസിനെ തുടച്ചുനീക്കും വരെ യുദ്ധം തുടരുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.അതിനിടെ ഷെല്ലാക്രമണത്തിൽ ഒമ്പത് ഈജിപ്ത് സൈനികർക്ക് പരിക്കേറ്റ സംഭവത്തിൽ ഇസ്രായേൽ മാപ്പ് പറഞ്ഞു. അബദ്ധത്തിൽ സംഭവിച്ചതാണിതെന്ന് സൈന്യം അറിയിച്ചു. അതിനിടെ, യു.എൻ രക്ഷാസമിതിക്കു മുമ്പാകെ ഗസ്സ വെടിനിർത്തൽ ഇന്ന് വീണ്ടും ചർച്ചക്കെത്തും.

Similar Posts