World
Gaza,Bait Lahia,  isreal, hisbhulla,
World

​വടക്കൻ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കൊലയിൽ മരണം 100 കടന്നു; ബൈത് ലാഹിയയിൽ മാത്രം 73 മൃതദേഹങ്ങൾ കണ്ടെടുത്തു

Web Desk
|
20 Oct 2024 12:45 AM GMT

നെതന്യാഹുവിൻറെ സ്വകാര്യ വസതിക്കു നേരെ നടന്ന ഡ്രോൺ ആക്രമണത്തിന്​ പിന്നിൽ ഇറാനാണെന്നും ശക്​തമായ തിരിച്ചടിയുണ്ടാകു​മെന്നും ​ഇസ്രായേൽ മുന്നറിയിപ്പ്

ഗസ്സ: വടക്കൻ ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കൊലയിൽ മരണം 100 കടന്നു. ബൈത് ലാഹിയയിൽ മാത്രം 73 മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശങ്ങളിൽ പൂർണമായും ഉപരോധമേർപ്പെടുത്തി കൂട്ടക്കൊല നടത്തുന്നുവെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

അതതേസമയം നെതന്യാഹുവിൻറെ സ്വകാര്യ വസതിക്കു നേരെ നടന്ന ഹിസ്​ബുല്ലയുടെ ഡ്രോൺ ആക്രമണത്തിന്​ പിന്നിൽ ഇറാനാണെന്നും ശക്​തമായ തിരിച്ചടിയുണ്ടാകു​മെന്നും ​ഇസ്രായേൽ മുന്നറിയിപ്പ്​ നൽകി.

ഇസ്രായേൽ പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് സമീപത്താണ്​ ഹിസ്​ബുല്ലയുടെ ഡ്രോൺ വീണു പൊട്ടിത്തെറിച്ചത്​. വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക്​ തടുക്കാൻ കഴിയാത്ത നവീന ഡ്രോൺ വ്യാപകനഷ്ടം വരുത്തിയെന്നാണ്​ റിപ്പോർട്ട്​. തന്നെയും ഭാര്യയെയും വധിക്കാൻ ഇറാൻ ആസൂത്രണം ചെയ്ത ആക്രമണമാണിതെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആരോപിച്ചു.

ഏറ്റവും വലിയ സുരക്ഷാ വീഴ്​ചയാണ്​ സംഭവിച്ചതെന്ന്​ സ്ഥിരീകരിച്ച ഇസ്രായേൽ സൈന്യം അന്വേഷണത്തിന്​ ഉത്തരവിട്ടു. തെൽ അവീവിനു നേർക്ക്​ ഹിസ്​ബുല്ല അയച്ച രണ്ട്​ ഡ്രോണുകൾ പ്രതിരോധിച്ചതായും സൈന്യം അറിയിച്ചു. യഹ്‍യ സിൻവാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ഇറാനെതിരെ ​ആക്രമണം നടത്താനുള്ള പുതിയ തെളിവായി നെതന്യാഹു ഡ്രോൺ ആക്രമണത്തെ ആയുധമാക്കം​. എന്നാൽ ഹിസ്​ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നിൽ തങ്ങൾക്ക്​ പങ്കില്ലെന്ന്​ യുഎന്നിലെ ഇറാൻ പ്രതിനിധി വ്യക്​തമാക്കി. മേഖലയിലെ ഏറ്റവും പുതിയ സ്ഥിതിഗതികൾ ഇസ്രായേൽ നേതൃത്വവുമായി ചർച്ച ചെയ്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്റ്റിൻ പറഞ്ഞു. പശ്​ചിമേഷ്യയിലെ യു.എസ്​ സൈനികരുടെ സുരക്ഷക്ക്​ എല്ലാ നടപടിയും സ്വീകരിച്ചു വരുന്നതായും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ, ഗസ്സയിൽ വ്യാപക കൂട്ടക്കുരുതികളാണ്​ ഇസ്രായേൽ തുടരുന്നത്​. വടക്കൻ ഗസ്സയിലെ ബെയ്ത്​ ലാഹിയയിൽ മാത്രം 100 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ സർക്കാർ മാധ്യമ വിഭാഗം അറിയിച്ചു. കമാൽ അദ്​വാൻ ആശുപത്രിക്ക്​ നേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ചുരുങ്ങിയത്​ 50 പേരെങ്കിലും ഇവിടെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരിക്കുമെന്നാണ്​ ദൃക്സാക്ഷികൾ വ്യക്​തമാക്കുന്നത്​.

വംശഹത്യയടെ ഞെട്ടിക്കുന്ന സംഭവങ്ങൾക്കാണ്​ വടക്കൻ ഗസ്സ സാക്ഷിയാകുന്നതെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാത്രി വൈകിയും അഭയാർഥി ക്യാമ്പുകൾക്ക്​ നരെ ഇസ്രായേൽ ആക്രമണം തുടർന്നു. ലബനാൻ തലസ്ഥാനമായ ബെയ്​റൂത്തിനു നേരെയും വ്യാപക ആക്രമണം നടന്നു. കൂടുതൽ കെട്ടിടങ്ങളിൽ നിന്ന്​ ആളുകളോട്​ ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സേന നിർദേശിച്ചു.

അതിനിടെ, ഇറാനെതിരെ ഇസ്രായേൽ ആസൂത്രണം ചെയ്ത ആക്രമണത്തിൻറെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അമേരിക്ക അന്വേഷണത്തിന്​ ഉത്തരവിട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അതീവ രഹസ്യവിവരങ്ങൾ ഇറാന്​ ആരോ ചോർത്തി നൽകിയെന്നാണ്​ അമേരിക്ക കരുതുന്നത്​.

Related Tags :
Similar Posts