വിന്‍ഡോസ് തകരാര്‍; പ്രതിസന്ധിയില്‍ നിന്നും കരകയറാതെ ഡെല്‍റ്റ എയര്‍ലൈന്‍സ്, റദ്ദാക്കിയത് ആയിരത്തോളം സര്‍വീസുകള്‍
|കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ വിന്‍ഡോസില്‍ നീല നിറം വന്ന് കമ്പ്യൂട്ടര്‍ നിലച്ചുപോകുന്നതാണ് 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്.
അറ്റ്ലാന്‍റ: കമ്പ്യൂട്ടറുകളിലെ ഓപറേറ്റിംഗ് സിസ്റ്റമായ മൈക്രോസോഫ്റ്റ് വിന്‍ഡോസിലുണ്ടായ സാങ്കേതിക തകരാര്‍ ലോകത്തെ തന്നെ നിശ്ചലമാക്കിയിരുന്നു. ബാങ്കിംഗ് , ആശുപത്രികള്‍, ഐ.ടി, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ലോകമമെമ്പാടുമുള്ള സേവനങ്ങളെ തകരാര്‍ ബാധിച്ചിരുന്നു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെ തന്നെ തകരാറിലാക്കുകയും ചെയ്തിരുന്നു.
കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ വിന്‍ഡോസില്‍ നീല നിറം വന്ന് കമ്പ്യൂട്ടര്‍ നിലച്ചുപോകുന്നതാണ് 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്. ഈ തകരാറില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല യു.എസിലെ പ്രധാന എയർലൈനുകളിൽ ഒന്നായ ഡെൽറ്റ എയർലൈൻസ്. ഇതിനോടകം തന്നെ ആയിരത്തോളം സര്‍വീസുകളാണ് റദ്ദാക്കിയത്. അറ്റ്ലാൻ്റ ആസ്ഥാനമായുള്ള എയർലൈൻ, ഞായറാഴ്ച ഷെഡ്യൂളിൻ്റെ നാലിലൊന്ന് റദ്ദാക്കുകയും 1700 ഓളം ഫ്ലൈറ്റുകള്‍ വൈകുകയും ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെ ഇതു ബാധിച്ചു. വിമാനം പിടിക്കാന്‍ കാര്‍ വാടകക്കെടുത്ത് നൂറു കണക്കിന് മൈലുകള്‍ താണ്ടി വിമാനത്താവളത്തിലെത്തിയവര്‍ നിരാശയിലായി. അടുത്ത ഫ്ലൈറ്റിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. സാധാരണ പ്രവർത്തനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ച് ഡെൽറ്റയുടെ ഭാഗത്തുനിന്നും ഒരറിയിപ്പുമുണ്ടായിട്ടില്ല. തിങ്കളാഴ്ചത്തേക്കുള്ള 137 ഫ്ലൈറ്റുകളും ഇതിനോടകം റദ്ദാക്കിയിട്ടുണ്ടെന്ന് ഫ്ലൈറ്റ്അവെയർ റിപ്പോർട്ട് ചെയ്യുന്നു.
മറ്റ് യു.എസ് എയര്‍ലൈനുകള്‍ പ്രതിസന്ധി മറികടന്നപ്പോള്‍ ഡെല്‍റ്റ സാധാരണ നിലയിലേക്ക് മടങ്ങാന്‍ പാടുപെടുകയാണ്. യുണൈറ്റഡ് എയര്‍ലൈന്‍സ് ഞായറാഴ്ച 262 സര്‍വീസുകളാണ് റദ്ദാക്കിയത്. " വിന്‍ഡോസ് തകരാര്‍ ഞങ്ങളുടെ ക്രൂ ട്രാക്കിംഗുമായി ബന്ധപ്പെട്ട ടൂളുകളിൽ ഒന്നിനെ ബാധിച്ചു. കൂടാതെ സിസ്റ്റം ഷട്ട്ഡൗൺ മൂലമുണ്ടായ മാറ്റങ്ങൾ പ്രോസസ്സ് ചെയ്യാൻ കഴിഞ്ഞില്ല" ഡെല്‍റ്റ സി.ഇ.ഒ എഡ് ബാസ്റ്റിന്‍ ഇ-മെയിലിലൂടെ ഉപഭോക്താക്കളെ അറിയിച്ചു. ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് ഞായറാഴ്ച ബാസ്റ്റിനുമായി സംസാരിച്ചു.ആഗോള സാങ്കേതിക തകർച്ചയുടെ ഫലമായി ബാധിച്ച 8.5 ദശലക്ഷം മൈക്രോസോഫ്റ്റ് ഉപകരണങ്ങളിൽ ഭൂരിഭാഗവും ഓൺലൈനിൽ തിരിച്ചെത്തിയതായി ക്രൗഡ്സ്ട്രൈക്ക് ഞായറാഴ്ച വ്യക്തമാക്കി.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡത് എന്ന വിളിപ്പേരുള്ള എറർ മെസേജ് പ്രശ്നം ബാധിച്ച കമ്പ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയിൽ വൻകിട കമ്പനികൾ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറായതിനാൽ വിൻഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കമ്പ്യൂട്ടറുകളെ പ്രശ്നം ബാധിച്ചിരുന്നില്ല. കമ്പ്യൂട്ടറുകൾ ഷട്ട് ഡൗൺ ആയതോടെ വിമാനത്താവളത്തിലെ ചെക്കിങ് ഉൾപ്പെടെയാണ് തടസപ്പെട്ടത്.