ഡെന്മാർക്കിൽ നഴ്സുമാർക്ക് ക്ഷാമം; ഇന്ത്യയുമായി ചർച്ച, വൻ തൊഴിലവസരങ്ങൾക്ക് സാധ്യത
|അടുത്തിടെയാണ് ഡെന്മാർക്ക് ആരോഗ്യപ്രവർത്തകർക്ക് ശമ്പളവർധനവ് ഏർപ്പെടുത്തിയത്
കോപ്പൻഹേഗൻ: രാജ്യത്ത് നഴ്സുമാരുടെ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയുമായും ഫിലിപ്പീൻസുമായും ചർച്ചയ്ക്ക് ഡെന്മാർക്ക്. നഴ്സുമാരെയും മറ്റ് മെഡിക്കൽ പ്രൊഫഷനലുകളെയും റിക്രൂട്ട് ചെയ്യാനും വേണ്ട പരിശീലനം നൽകാനും ഇരു രാജ്യങ്ങളുമായി ചർച്ച നിശ്ചയിച്ചതായി ഡാനിഷ് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
ആതുരശുശ്രൂഷാ രംഗത്ത് നിലവിലുള്ള ഒഴിവുകൾ നികത്തുകയാണ് ഡെന്മാർക്കിന്റെ ലക്ഷ്യം. ഹെൽത്ത് കെയർ മേഖലയിൽ നിരവധി വിദ്യാർഥികൾ പഠിച്ചിറങ്ങുന്നുണ്ടെങ്കിലും ഈ ഒഴിവുകൾ നികത്താൻ അവർ തികയില്ലെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. 2035ഓടെ സോഷ്യൽ-ഹെൽത്ത് കെയർ മേഖലയിൽ മാത്രം 150000 പേരുടെ ക്ഷാമം അനുഭവപ്പെടുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
അടുത്തിടെയാണ് ഡെന്മാർക്ക് ആരോഗ്യപ്രവർത്തകർക്ക് ശമ്പളവർധനവ് ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെയാണിപ്പോൾ ഫില്ലിപ്പീൻസും ഇന്ത്യയുമടക്കം യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം. പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തു വിട്ടിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാൻ നേരത്തേ ഡെന്മാർക്ക് ശ്രമം നടത്തിയിരുന്നെങ്കിലും ഇതെത്രത്തോളമാവാം എന്നതിനെ ചൊല്ലി ഭിന്നത ഉടലെടുത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു