World
അഴിമതി: ആങ്‌സാൻ സൂചിക്ക് ആറു വർഷം കൂടി തടവ്
World

അഴിമതി: ആങ്‌സാൻ സൂചിക്ക് ആറു വർഷം കൂടി തടവ്

Web Desk
|
12 Oct 2022 11:59 AM GMT

ഇതോടെ നോബൽ സമ്മാന ജേതാവിന്റെ മൊത്തം തടവ് 26 വർഷമായിരിക്കുകയാണ്

യാങ്കോൺ: പുറത്താക്കപ്പെട്ട മ്യാൻമർ ഭരണാധികാരി ആങ്‌സാൻ സൂചിക്ക് ആറു വർഷം കൂടി തടവ് വിധിച്ച് സൈനിക കോടതി. രണ്ടു അഴിമതിക്കേസുകളിൽ 77കാരിയായ ഇവർ കുറ്റക്കാരിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നു വർഷം വീതം ശിക്ഷ വിധിച്ചത്. ഇതോടെ നോബൽ സമ്മാന ജേതാവിന്റെ മൊത്തം തടവ് 26 വർഷമായിരിക്കുകയാണ്. വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന രണ്ട് കേസുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ ഇവ ഒരേസമയം അനുഭവിച്ചാൽ മതിയാകുമെന്നാണ് വിവരം.

കഴിഞ്ഞ വർഷം രാജ്യത്ത് ഭരണം പിടിച്ചെടുത്ത സൈനിക ഭരണകൂടം സൂചിയെ അഴിമതിക്കേസിലടക്കം പ്രതിയാക്കി ജയിലിലടച്ചിരുന്നു. അട്ടിമറി നടന്ന രാത്രി മുതൽ സൈനിക കസ്റ്റഡിയിലാണ് സൂചിയുള്ളത്. രാജ്യതലസ്ഥാനമായ നായ്പിഡാവിലുള്ള സൂചിയുടെ വിചാരണ അടച്ചിട്ട കോടതിമുറികളിലാണ് നടത്തുന്നത്. അഞ്ചു അഴിമതിക്കേസുകളിൽ കൂടി അവർ വിചാരണ നേരിടുകയാണ്.

വ്യവസായിയായ മൗംഗ് വീക്കിൽ നിന്ന് 550,000 ഡോളർ സൂചി കൈക്കൂലി വാങ്ങിയതായി ആരോപിക്കപ്പെട്ടിരുന്നു. വിചാരണ വേളയിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെയും വിലക്കുകയും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകരെയും സൈനിക ഭരണകൂടം വിലക്കിയിരിക്കുകയാണ്.

സൈനിക അതിക്രമത്തിന് അറുതിയില്ല

അധികാരം പിടിച്ചെടുത്തതിനുശേഷം വിയോജിപ്പിനെതിരെ സൈന്യം നടത്തിയ അടിച്ചമർത്തലിൽ 2,300-ലധികം ആളുകൾ കൊല്ലപ്പെടുകയും 15,000-ത്തിലധികം പേർ അറസ്റ്റിലാവുകയും ചെയ്തതായി ഒരു പ്രാദേശിക നിരീക്ഷണ സംഘം അറിയിച്ചിരിക്കുകയാണ്.

സെപ്തംബറിൽ ഒരു സ്കൂളിൽ സൈനിക ഹെലികോപ്റ്ററുകൾ നടത്തിയ വെടിവയ്പിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ സാഗായ്ങ് മേഖലയിലെ ലെറ്റ് യെറ്റ് കോൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഗ്രാമത്തിലെ ബുദ്ധവിഹാരത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിന് നേരെയാണ് സൈനിക ഹെലികോപ്റ്ററുകൾ വെടിയുതിർത്തതെന്ന് മിസിമ, ഐരാവദി വാർത്താ പോർട്ടലുകളുടെ റിപ്പോർട്ടിൽ പറഞ്ഞു. വെടിവെപ്പിൽ ചില കുട്ടികൾ സംഭവസ്ഥലത്തും മറ്റു ചിലർ പട്ടാളം ഗ്രാമത്തിൽ പ്രവേശിച്ചതിനു ശേഷവുമാണ് മരിച്ചതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുക്കാതെ സൈന്യം 11 കിലോമീറ്റർ അകലെയുള്ള ടൗൺഷിപ്പിലേക്ക് കൊണ്ടുപോയി കുഴിച്ചിട്ടതായി പ്രദേശവാസികൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പുറത്തുവന്ന ചിത്രങ്ങളിൽ ആക്രമണം നടന്ന സ്കൂൾ കെട്ടിടത്തിൽ കുട്ടികളുടെ പുസ്തകങ്ങൾ ചിതറിക്കിടക്കുന്നതും രക്തവും മറ്റും കാണാം.

അതേസമയം, വിമതർ തങ്ങളുടെ സേനയെ ആക്രമിക്കാൻ കെട്ടിടം ഉപയോഗിക്കുന്നതിനാലാണ് വെടിവച്ചതെന്നാണ് സൈന്യത്തിന്റെ വാദം. വിമത ഗ്രൂപ്പായ കാച്ചിൻ ഇൻഡിപെൻഡൻസ് ആർമിയും (കെ.ഐ.എ) സായുധ ഗറില്ലാ സംഘടനയായ പീപ്പിൾസ് ഡിഫൻസ് ഫോഴ്സും (പി.ഡി.എഫ്) ഒരു ആശ്രമത്തിൽ ഒളിച്ചിരുന്ന് ആയുധങ്ങൾ കൊണ്ടുപോവാനായി ​ഗ്രാമത്തെ ഉപയോ​ഗിച്ചുവരികയായിരുന്നെന്നും സൈന്യം പറയുന്നു. ഇവിടെ ഹെലികോപ്ടറിൽ മിന്നൽ പരിശോധനയ്ക്കെത്തിയ സുരക്ഷാ സേനയെ വീടുകൾക്കും മഠത്തിനും ഉള്ളിൽ നിന്ന് ഇരു സംഘവും ആക്രമിച്ചു.

ഇതോടെ, സുരക്ഷാസേന പ്രതികരിച്ചതായും ഏറ്റുമുട്ടലിൽ ചില ഗ്രാമീണർ കൊല്ലപ്പെട്ടതായും പരിക്കേറ്റവരെ ചികിത്സയ്ക്കായി പൊതു ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സൈന്യം പറ‍ഞ്ഞു. സായുധ സംഘങ്ങൾ ഗ്രാമവാസികളെ മനുഷ്യകവചമായി ഉപയോഗിച്ചതായും 16 ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിന്നീട് പിടിച്ചെടുത്തതായും സൈന്യം ആരോപിച്ചു. എന്നാൽ, നാഷണൽ യൂണിറ്റി ഗവൺമെന്റ് (എൻ‌.യു‌.ജി) എന്നറിയപ്പെടുന്ന മ്യാൻ‌മറിലെ ജനാധിപത്യ അനുകൂല നിഴൽ സർക്കാർ, സൈന്യം സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നതായി ആരോപിച്ചു.

റോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ക്ക്‌ നേരെ നടത്തിയ വംശഹത്യാ നടപടികളുടേയും കൂട്ടബലാത്സം​ഗങ്ങളുടേയും പേരിൽ കുപ്രസിദ്ധരാണ് മ്യാൻമർ സൈന്യം. നേരത്തെ, കിഴക്കന്‍ മ്യാന്മറില്‍ കായാഹ് സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളുമടക്കം മുപ്പതിലേറെപ്പേരെ സൈന്യം കൊന്നു കത്തിച്ചെന്ന് റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. കായാഹിലെ മോസോ ഗ്രാമത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടനയെയും താമസക്കാരെയും ഉദ്ധരിച്ച് കഴിഞ്ഞവർഷം ഡിസംബറിലാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Deposed Myanmar leader Aung San Suu Kyi has been sentenced to six more years in prison by a military court.

Similar Posts