World
Deputy Hezbollah chief says Our fighters are ready for Israeli ground offensive
World

ഇസ്രായേലിന്റെ കരയാക്രമണം നേരിടാൻ തയാറെന്ന് ഹിസ്ബുല്ല; അധികം വൈകാതെ പുതിയ മേധാവിയെ തെരഞ്ഞെടുക്കും

Web Desk
|
30 Sep 2024 2:39 PM GMT

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെങ്കിൽ ഇറാൻ പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബെയ്റൂത്ത്: ഇസ്രായേലിന്റെ കരയാക്രമണം നേരിടാൻ തയാറെന്ന് ഹിസ്ബുല്ല. പുതിയ മേധാവിയെ അധികം വൈകാതെ തെരഞ്ഞെടുക്കുമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ചീഫ് നഈം ഖാസിം പറഞ്ഞു. മേധാവി ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതിനു ശേഷം ഹിസ്ബുല്ലയുടെ ആദ്യ പരസ്യപ്രതികരണമായിരുന്നു നഈം ഖാസിമിന്റെ വീഡിയോ സന്ദേശം. ഹിസ്ബുല്ലയുടെ സൈനികശേഷി തകർക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ലെന്നും സയണിസത്തിനെതിരായ പോരാട്ടം നേരത്തെ നിശ്ചയിച്ച പോലെ തന്നെ തുടരുമെന്നും നഈം ഖാസിം പറഞ്ഞു.

'ഏത് ആക്രമണത്തെയും ഞങ്ങൾ നേരിടും. ശത്രുരാജ്യം കരയിലൂടെ പ്രവേശിച്ചാൽ ഹിസ്ബുല്ല പോരാളികൾ അവരെ ചെറുക്കാൻ തയാറാണ്'- അദ്ദേഹം വിശദമാക്കി. ഹൈഫ, മാലെ അദുമിം തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ ഇസ്രായേലിലേക്കുള്ള മിസൈൽ വിക്ഷേപണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും ഖാസിം വ്യക്തമാക്കി.

ക്രൂരതകൾ ആവർത്തിക്കുന്നതിലൂടെ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് ഇസ്രായേൽ വിശ്വസിക്കുന്നുവെങ്കിൽ അത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ അവകാശപ്പെടുന്നതു പോലെ നസ്റുല്ല കൊല്ലപ്പെട്ട ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മറ്റ് 20 മുതിർന്ന നേതാക്കൾ ഉണ്ടായിരുന്നില്ലെന്നും അംഗരക്ഷകരും സഹായികളും മാത്രമാണ് ഉണ്ടായിരുന്നതെന്നും ഖാസിം കൂട്ടിച്ചേർത്തു.

അതേസമയം, നസ്‌റല്ലുയെ ഇല്ലാതാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു നടപടിയായിരുന്നെന്നും എന്നാൽ അതിലൂടെ തങ്ങളുടെ നീക്കം അവസാനിപ്പിച്ചിട്ടിലെന്നും അതിനായി തങ്ങളുടെ എല്ലാ കഴിവുകളും ഉപയോ​ഗിക്കുമെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ​ഗാലന്റ് പറഞ്ഞു. ലബനാനിൽ ആക്രമണം തുടർന്നാൽ മേഖലയിലെ വലിയ അഭയാർഥി പ്രവാഹമാകും സംഭവിക്കുകയെന്ന് പ്രധാനമന്ത്രി നജീബ്​ മികാത്തി വ്യക്തമാക്കി.

ഇസ്രായേലുമായുള്ള യുദ്ധം നിർത്താനുള്ള കരാറിൻ്റെ ഭാഗമായി ലിറ്റാനി നദിക്ക് തെക്ക് ഹിസ്ബുല്ലയുടെ സായുധ സാന്നിധ്യം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 2006ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം-1701 പൂർണമായും നടപ്പാക്കാൻ സർക്കാർ തയാറാണെന്നും മികാത്തി പറയുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെങ്കിൽ ഇറാൻ പ്രതികരിക്കുമെന്ന് രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ലബനാനിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. 24 മണിക്കൂറിനിടെ 105 പേരെ ഇസ്രായേൽ കൊലപ്പെടുത്തി. ലബനാനിലെ കോല മേഖലയിലും സിഡോണിന് കിഴക്കുള്ള തെക്കൻ പട്ടണമായ ഐൻ അൽ- ദെൽബിലും ബെക്ക ടൗണിലുമടക്കം ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്. 350ലധികം പേർക്ക് പരിക്കേറ്റു.

പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പിഎഫ്എൽപി) എന്ന മാർക്സിസ്റ്റ് സംഘടനയുടെ മൂന്നു നേതാക്കളും കൊല്ലപ്പെട്ടു. അതിർത്തിയിൽ വിന്യസിച്ച മൂന്ന് ഡിവിഷൻ ഇസ്രായേൽ സൈനികർ കരയുദ്ധത്തിനുള്ള അനുമതിക്ക്​ കാത്തുനിൽക്കുകയാണെന്ന്​ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ഒരു മേഖലായുദ്ധം ഒഴിവാക്കണമെന്നും ഇക്കാര്യം നെതന്യാഹുവുമായി സംസാരിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ യമനിൽ കഴിഞ്ഞദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയും പങ്കാളിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ബന്ദികളെ മോചിപ്പിക്കാൻ ഉടൻ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിലെങ്ങും പ്രക്ഷോഭം ശക്തമാവുകയാണ്.

Similar Posts