World
Diarrhea for the Israeli army that attacked Gaza. Diarrhea and intestinal diseases were caused by Shigella bacteria in the occupation troops.
World

സംഭാവന ലഭിച്ച ഭക്ഷണം വിനയായി; ഗസ്സയിലെ ഇസ്രായേലി സൈന്യത്തിന് വയറിളക്കം

Web Desk
|
5 Dec 2023 4:04 PM GMT

ഗസ്സയിൽ ആക്രമണം തുടങ്ങിയതോടെ റെസ്‌റ്റോറൻറുകൾ, ഫുഡ് ചെയ്‌നുകൾ എന്നിവയും വ്യക്തികളും ഇസ്രായേലി സൈന്യത്തിന് ഭക്ഷണം സംഭാവന നൽകിയിരുന്നു

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണത്തിനെത്തിയ ഇസ്രായേലി സൈന്യത്തിന് വയറിളക്കം. ഷിഗെല്ല ബാക്ടീരിയ ബാധിച്ചതോടെയാണ് വയറിളക്കവും കുടൽ രോഗങ്ങളും പല അധിനിവേശ സൈനികർക്കുണ്ടായത്. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതിലുണ്ടായ പ്രശ്‌നമാണ് ഇവർക്ക് വിനയായതെന്നാണ് റിപ്പോർട്ടുകൾ. അസുഖം ബാധിച്ച പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗസ്സയിൽ ആക്രമണം തുടങ്ങിയതോടെ റെസ്‌റ്റോറൻറുകൾ, ഫുഡ് ചെയ്‌നുകൾ എന്നിവയും വ്യക്തികളും ഇസ്രായേലി സൈന്യത്തിന് ഭക്ഷണം സംഭാവന നൽകിയിരുന്നു. ഇവ പാകം ചെയ്തതിലും കൊണ്ടുവന്നതിലും സൂക്ഷിച്ചതിലുമുള്ള പോരായ്മയാണ് ദഹനസംബന്ധമായ അസുഖങ്ങളും വയറിളക്കവുമുണ്ടാകാൻ ഇടയാക്കിയതെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഹീബ്രു പത്രമായ യെദിയോത്ത് അഹ്റോനോത്തിനെയടക്കം ഉദ്ധരിച്ച് നിരവധി മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനികരിൽ നടത്തിയ പരിശോധനയിൽ അതിസാരത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കഠിനമായ വയറിളക്കത്തിനും ശരീര താപനില ഉയരുന്നതിനും കാരണമാകുന്നതായാണ് കണ്ടെത്തൽ.

'ഇസ്രായേലിന്റെ തെക്ക് ഭാഗത്തുള്ള സൈനികർക്കിടയിൽ വയറിളക്കം ബാധിച്ചു, തുടർന്ന് ഗസ്സയിൽ യുദ്ധം ചെയ്യാൻ പോയ സൈനികർക്കിടയിൽ അത് പടർന്നു' അസ്സുത അഷ്ഡോദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിഭാഗം മേധാവി ഡോ. ടാൽ ബ്രോഷ് വിശദീകരിച്ചു.

'ഗസ്സയിലെ സൈനികർക്കിടയിൽ പടർന്നുപിടിച്ച, വളരെ അപകടകരമായ രോഗമായ അതിസാരത്തിന് കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയുടെ അണുബാധ ഞങ്ങൾ കണ്ടെത്തി' ഡോ. ടാൽ ബ്രോഷ് പറഞ്ഞു. ഒക്‌ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 6600 കുട്ടികളടക്കം 15000ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ നിർത്തിയതോടെ ഇസ്രായേൽ ആക്രമണം തുടരുകയുമാണ്.

Similar Posts