World
bella hadid
World

ബെല്ലാ ഹദീദിനെ മാറ്റി ഡിയോര്‍; പകരം ഇസ്രായേലി മോഡല്‍, റിപ്പോര്‍ട്ട്

Web Desk
|
8 Nov 2023 10:35 AM GMT

ഫലസ്തീൻ-അമേരിക്കൻ മോഡലായ ബെല്ലാ ഹദീദ് ഇസ്രായേല്‍ വിമര്‍ശനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു

പ്രമുഖ ഫാഷൻ ബ്രാന്റായ ഡിയോർ പുതിയ പരസ്യ ക്യാമ്പയിനിൽ നിന്ന് ഫലസ്തീൻ-അമേരിക്കൻ മോഡൽ ബെല്ലാ ഹദീദിനെ മാറ്റിയതായി റിപ്പോർട്ട്. ഹദീദിന് പകരം ഇസ്രായേലി മോഡലായ മെയ് ടാഗറിനെയാണ് ഡിയോര്‍ കൊണ്ട് വന്നത്. തുർക്കിഷ് വാർത്താ ഏജൻസി 'യെനി സഫാക് ഇംഗ്ലീഷാണ്' ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വർഷങ്ങളായി ഡിയോറിന്റെ ബ്രാന്റ് അംബാസിഡറായ ഹദീദിനെ മാറ്റിയതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

എക്‌സിൽ കഴിഞ്ഞ ദിവസം 'ബോയ്‌കോട്ട് ഡിയോർ' എന്ന ഹാഷ് ടാഗ് ട്രെന്റിങ് ആയിരുന്നു. എന്നാൽ ഡിയോറോ ബെല്ലാ ഹദീദോ ഇക്കാര്യം ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2016 മുതൽ ഡിയോറിന്റെ പ്രധാന മുഖമായ ബെല്ലാ ഹദീദ് ഫലസ്തീനില്‍ നടക്കുന്ന ഇസ്രായേല്‍ അധിനിവേശങ്ങളുടെ നിശിത വിമര്‍ശകയാണ്. ഫലസ്തീനെ പിന്തുണക്കുന്നതിന്‍റെ പേരില്‍ തനിക്ക് നിരവധി വധഭീഷണികളാണ് വരുന്നതെന്ന് ഹദീദ് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

''ദിവസവും എനിക്ക് നിരവധി വധഭീഷണികളാണ് വരുന്നത്. എന്റെ ഫോൺ നമ്പർ ആരോ ചോർത്തിയതാണ്. എന്റെ കുടുംബത്തിനടക്കം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ട്. പക്ഷെ ഞാൻ നിശബ്ദമായിരിക്കും എന്ന് കരുതണ്ട. ഭയത്തിന് അടിമപ്പെടില്ല. ഫലസ്തീനികൾക്ക് വേണ്ടി ശബ്ദിച്ച് കൊണ്ടേയിരിക്കും''- ഹദീദ് കുറിച്ചു.

ഫലസ്തീനികളെ പിന്തുണച്ചതിന് ജോലി പോകുമെന്ന പേടി തനിക്കില്ലെന്ന പ്രസ്താവനയുടെ പേരില്‍ ഹദീദ് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു . അമേരിക്കൻ ഫാഷൻ മാഗസിനായ 'ജിക്യു'വിന് നൽകിയ അഭിമുഖത്തിലാണ് ഹദീദ് തുറന്നടിച്ചത്. ഫലസ്തീനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റു പല ലേബലുകളുമാണ് തനിക്ക് ലഭിക്കുന്നത്. അതിന്റെ പേരിൽ നിരവധി കമ്പനികൾ താനുമായുള്ള കരാർ അവസാനിപ്പിച്ചു. നിരവധി സുഹൃത്തുകൾ തന്നെ പാടേ ഉപേക്ഷിച്ചെന്നും ഹദീദ് പറഞ്ഞു.

ഇനിയും ഫലസ്തീനെ സ്വതന്ത്രമായി കാണാനാകാത്ത അവിടെയുള്ള പ്രായമായവർക്കും സുന്ദരമായൊരു ജീവിതത്തിനു സാധ്യതയുള്ള കുട്ടികൾക്കും വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് ഹദീദ് പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങൾ സംസാരിക്കാവുന്ന ഒരു സ്ഥാനത്ത് എത്തിപ്പെട്ടതിൽ ഭാഗ്യവതിയാണ് താനെന്നും അവർ കൂട്ടിച്ചേർത്തു.

ഫലസ്തീൻ റിയൽ എസ്റ്റേറ്റ് വ്യവസായിയായ മുഹമ്മദ് ഹദീദും ഡച്ച് മോഡൽ യൊലാൻഡ ഹദീദുമാണ് ബെല്ലയുടെ മാതാപിതാക്കൾ. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അമ്മയ്‌ക്കൊപ്പം കാലിഫോർണിയയിലാണ് ബെല്ല കഴിയുന്നത്.

Related Tags :
Similar Posts