World
Diplomats walk out as Benjamin Netanyahu calls the UN an anti-Semitic swamp, UN General Assembly 2024, Netanyahu in UN General Assembly,
World

യുഎന്നിലും പ്രതിഷേധച്ചൂടറിഞ്ഞ് നെതന്യാഹു; കൂട്ടത്തോടെ വാക്കൗട്ട് നടത്തി പ്രതിനിധികൾ, കാലിക്കസേരകൾക്ക് മുന്നിൽ പ്രസംഗം

Web Desk
|
27 Sep 2024 5:06 PM GMT

ഇസ്രായേൽ ആയുധങ്ങൾക്ക് എത്താനാകാത്ത ഒരിടവും ഇറാനിലോ പശ്ചിമേഷ്യയിലോ ഇല്ലെന്ന് പ്രസംഗത്തിൽ നെതന്യാഹു ഭീഷണി മുഴക്കി

ന്യൂയോർക്ക് സിറ്റി: യുഎൻ പൊതുസഭയിലും പ്രതിഷേധച്ചൂടറിഞ്ഞ് ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവിനെ പ്രസംഗിക്കാനായി അധ്യക്ഷൻ ക്ഷണിച്ചതോടെ സഭയിലുണ്ടായിരുന്ന പ്രതിനിധികളില്‍ ഭൂരിഭാഗവും കൂട്ടത്തോടെ വാക്കൗട്ട് നടത്തി. ഒടുവിൽ ഒഴിഞ്ഞ സദസിനെ സാക്ഷിനിർത്തിയായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസംഗം.

വലിയ ബഹളത്തിനും പ്രതിഷേധത്തിനും നടുവിലേക്കായിരുന്നു നെതന്യാഹുവിന്റെ വരവ്. കൂട്ടമായുള്ള വാക്കൗട്ട് കൂടിയായതോടെ അദ്ദേഹത്തിനു നിയന്ത്രണം നഷ്ടമായി. ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെ ഉൾപ്പെടെ ഇതിന്റെ രോഷം തീർത്തായിരുന്നു പ്രസംഗം. ഇത്തണ ഇവിടെ വരാൻ ആലോചിച്ചിരുന്നില്ലെന്നു പറഞ്ഞാണ് സംസാരം തുടങ്ങിയത്. ഈ പീഠത്തിൽനിന്ന് തന്റെ രാജ്യത്തിനെതിരെ ഉയർന്ന കള്ളങ്ങളും അധിക്ഷേപങ്ങളും കേട്ട ശേഷമാണ് ഇവിടെ വന്ന് യാഥാർഥ്യം വിശദീകരിക്കണമെന്നു തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നായിരുന്നു യുഎന്നിൽ സെമിറ്റിക് വിരുദ്ധത ആരോപിച്ചും ഇസ്രായേൽ വിരുദ്ധത ആരോപിച്ചുമുള്ള പ്രസംഗം.

ഇസ്രായേലിനെതിരെ പ്രമേയങ്ങൾ പാസാക്കിയത് യുഎന്നിന്റെ ഇരട്ടത്താപ്പും കാപട്യവുമാണെന്നായിരുന്നു ആക്ഷേപം. ഇവിടെ നടന്ന പ്രസംഗങ്ങളെല്ലാം ഇസ്രായേലിനെതിരെയായിരുന്നു. അവ ഗസ്സയോടുള്ള പരിഗണനയൊന്നുമല്ല. ഇസ്രായേലിനോടുള്ള വിദ്വേഷമായിരുന്നു. ഇസ്രായേലിനെയും ജൂതരാഷ്ട്രത്തെയും മറ്റു രാഷ്ട്രങ്ങളെ പോലെ തുല്യമായി പരിഗണിക്കുംവരെ, ഈ സെമിറ്റിക് വിരുദ്ധത അവസാനിക്കുംവരെ നീതിബോധമുള്ള ജനതയൊന്നാകെ യുഎന്നിനെ പ്രഹസനമായി മാത്രമേ കാണൂവെന്നെല്ലാം നെതന്യാഹു തുടർന്നു.

ഒക്ടോബർ ഏഴിനുശേഷമുള്ള ഗസ്സ ആക്രമണത്തെയും പ്രസംഗത്തിൽ നെതന്യാഹു ന്യായീകരിച്ചു. തങ്ങളുടെ ഭീഷണികളെ ഇല്ലാതാക്കാനും പൗരന്മാരെ സുരക്ഷിതമായി സ്വന്തം വീടുകളിൽ എത്തിക്കാനുമുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതു മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്നും ബാക്കിയുള്ള ബന്ദികളെ കൂടി നാട്ടിലെത്തിക്കുംവരെ അടങ്ങിയിരിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

ഇറാനുള്ള ഭീഷണിയുമുണ്ടായിരുന്നു പ്രസംഗത്തിൽ. നിങ്ങൾ ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചടിയുമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇസ്രായേൽ ആയുധങ്ങൾക്ക് എത്താനാകാത്ത ഒരിടവും ഇറാനിലോ പശ്ചിമേഷ്യയിലോ ഇല്ലെന്ന് അദ്ദേഹം ഭീഷണി മുഴക്കി. ഹിസ്ബുല്ല യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്താൽ തങ്ങൾക്കും മറ്റൊരു വഴിയുണ്ടാകില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

Summary: Diplomats walk out as Benjamin Netanyahu calls the UN an 'anti-Semitic swamp'

Similar Posts