World
യുദ്ധമെന്ന് പറയരുത്, ഉപയോഗിക്കേണ്ടത് ഇങ്ങനെ; മാധ്യമങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്
World

യുദ്ധമെന്ന് പറയരുത്, ഉപയോഗിക്കേണ്ടത് ഇങ്ങനെ; മാധ്യമങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്

Web Desk
|
3 March 2022 3:57 AM GMT

ഇതുസംബന്ധിച്ച് സ്‌കൂളുകളിടക്കം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്

യുക്രൈനിൽ റഷ്യൻ ആക്രമണം തുടരവേ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ സർക്കാർ. 'റഷ്യൻ അധിനിവേശം', 'യുദ്ധം' എന്നീ വാക്കുകൾ ഉപയോഗിക്കരുതെന്നും പകരം 'പ്രത്യേക സൈനിക ഓപറേഷൻ' എന്ന വാക്ക് ഉപയോഗിക്കണമെന്നുമാണ് നിർദേശം. അല്ലാത്ത പക്ഷം വെബ്‌സൈറ്റിന്റെ പ്രവർത്തനം നിരോധിക്കുമെന്ന തരത്തിലുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് സർക്കാർ നൽകിയിരിക്കുന്നത്.

ഇതുസംബന്ധിച്ച് സ്‌കൂളുകളിടക്കം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്‌കൂളുകളിൽ യുദ്ധം പ്രമേയമാക്കി പ്രത്യേക സാമൂഹിക പഠന ക്ലാസുകളാണ് ഇപ്പോൾ തുടങ്ങിയിട്ടള്ളത്. ഇതിനായി സ്‌കൂളുകളിൽ പ്രത്യേക കൈപ്പുസ്തകം വിതരണം ചെയ്തിട്ടുണ്ട്.

20-ാം നൂറ്റാണ്ട് വരെ യുക്രൈൻ എന്ന രാഷ്ട്രം നിലവിലുണ്ടായിരുന്നില്ല എന്ന് സ്വതന്ത്ര റഷ്യൻ മാധ്യമമായ മീഡിയസോണ പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിൽ പറയുന്നു. രാഷ്ട്രീയ അട്ടിമറിയിലൂടെ യുക്രൈനിൽ 2014-ൽ അമേരിക്കൻ പാവ ഭരണകൂടം സ്ഥാപിച്ചതാണെന്നും പറയുന്നുണ്ട്.

യുക്രൈനിലെ റഷ്യൻ വിരുദ്ധ വിഭാഗം ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി കൈവരിച്ചതും റഷ്യയുടെ സുരക്ഷാ ആശങ്കകൾ വാഷിങ്ൺ അവഗണിച്ചതും നാറ്റോയുടെ നീക്കങ്ങളും 'സൈനിക ഓപറേഷന്' പ്രേരകമായതായി ഇതിൽ എടുത്തുകാട്ടുന്നുണ്ട്.

അതിനിടെ, ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയ ആപ്പുകളിലൂടെ കുട്ടികൾ യുദ്ധവിരുദ്ധ കാമ്പയിനുകളിൽ ആകൃഷ്ടരാവുന്നത് ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇതിനായി സ്‌കൂളുകളിൽ നിന്ന് കത്ത് നൽകിയിട്ടുണ്ടെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. 'say no to war' എന്ന ഹാഷ്ടാഗ് ഉപയോഗിക്കാനും സുരക്ഷിതമല്ലാത്ത പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികൾ പ്രേരിപ്പിക്കപ്പെടുന്നതായും കത്തിൽ പറയുന്നു.

Similar Posts