'നിങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യൂ'; വംശഹത്യയില്‍ നെതന്യാഹുവിനെ പിന്തുണച്ച് ട്രംപ്
|ലെബനാനിൽ ഇസ്രായേൽ നടത്തിയ പേജർ ആക്രമണങ്ങളിൽ ട്രംപ് മതിപ്പുളവാക്കിയതായി റിപ്പോര്‍ട്ട്
വാഷിങ്ടൺ: ഇസ്രായേലിന്റെ വംശഹത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളാണ് വാർത്താ ഏജൻസിയായ അനഡോലു പുറത്തുവിട്ടത്.
ഈ മാസം ആദ്യത്തിലായിരുന്നു ഇരുവരുടേയും ഫോൺ സംഭാഷണം.'നിങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യൂ' എന്നാണ് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതെന്ന് വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട വാർത്തയെ ഉദ്ധരിച്ച് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ സൈനികപരമായി എന്തെല്ലാം ചെയ്യണമെന്ന് ട്രംപ് പറഞ്ഞില്ലെന്നും അതേസമയം ലെബനാനിൽ ഇസ്രായേൽ നടത്തിയ പേജർ ആക്രമണങ്ങളിൽ അദ്ദേഹം മതിപ്പുളവാക്കിയെന്നും ഫോൺ സംഭാഷണത്തെകുറിച്ച് അറിയാവുന്ന റിപ്പബ്ലിക്കൻ നേതാവും യുഎസ് സെനറ്റ് അംഗവുമായ ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു. അതേസമയം ഫോൺകോളുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനും ട്രംപിന്റെ ഓഫീസ് മുതിർന്നിട്ടില്ല.
എന്നാൽ നെതന്യാഹുവുമായി വളരെ അടുത്ത ബന്ധമാണ് താൻ സൂക്ഷിക്കുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോർജിയയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഞങ്ങൾ നെതന്യാഹുവുമായി ചേർന്ന് പ്രവർത്തിക്കാൻ പോവുകയാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞിരുന്നു. നെതന്യാഹുവിനെ ഇസ്രായേലിന്റെ രക്ഷകൻ എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹവുമായി ദിവസേന ഫോണിൽ സംസാരിക്കാറുണ്ടെന്നും പറഞ്ഞിരുന്നു. ബിബി എന്ന നെതന്യാഹുവിന്റെ ചെല്ലപ്പേര് പറഞ്ഞായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാന്റെ ആണവ സംവിധാനങ്ങൾ ഇസ്രായേൽ ആക്രമിക്കണമെന്ന വിവാദ പ്രസ്താവനയും ട്രംപ് ഇതിനിടെ നടത്തിയിരുന്നു.
അതേസമയം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയമാണ് നെതന്യാഹുവിന്റെ ആഗ്രഹമെന്നാണ് റിപ്പോർട്ടുകള്‍. അദ്ദേഹം ട്രംപിന്റെ വിജയത്തിനായി പ്രാർഥിക്കുകയാണെന്നും ആഗ്രഹപ്രകാരം കൂടുതൽ കാര്യങ്ങൾ ചെയ്യണമെങ്കിൽ ട്രംപ് അധികാരത്തിൽ വരണമെന്നാണ് നെതന്യാഹുവിന്റെ താല്പര്യമെന്നും ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ജിഡോൻ റാഹത് പറഞ്ഞു.