യുവാവിന്റെ വയറ്റിൽനിന്ന് കണ്ടെടുത്തത് 233 നാണയങ്ങൾ ബാറ്ററികൾ, ഗ്ലാസ് കഷ്ണങ്ങൾ: അമ്പരന്ന് ഡോക്ടർമാർ
|ലിറ നാണയങ്ങൾക്ക് പുറമെ മാഗ്‌നറ്റുകളും സ്‌ക്രൂകളും യുവാവിന്റെ വയറ്റിൽനിന്നും ഡോക്ടർമാർ കണ്ടെടുത്തു
തുർക്കിയിൽ 35കാരന്റെ വയറ്റിൽനിന്നും 233 നാണയങ്ങൾ, നഖങ്ങൾ, ബാറ്ററികൾ, ഗ്ലാസ് കഷ്ണങ്ങൾ എന്നിവ കണ്ടെടുത്ത് ഡോക്ടർമാർ. വയറുവേദനയെ തുടർന്ന് ഡോക്ടറെ സമീപിച്ച 35 കാരന്റെ വയറ്റിൽനിന്നാണ് നാണയങ്ങളും മറ്റും കണ്ടെടുത്തത്. അൾട്രാസൗണ്ട്, എക്സ്-റേ എന്നിവ ഉപയോഗിച്ച് എൻഡോസ്‌കോപ്പി നടത്തിയാണ് ഡോക്ടർമാർ ഇയാളുടെ വയറ്റിൽനിന്നും നാണയങ്ങളുൾപ്പെടെയുള്ളവ കണ്ടെത്തിയത്. ഗൾഫ് ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലിറ നാണയങ്ങൾക്ക് പുറമെ മാഗ്‌നറ്റുകളും സ്‌ക്രൂകളും യുവാവിന്റെ വയറ്റിൽനിന്നും ഡോക്ടർമാർ കണ്ടെടുത്തു. ''ശസ്ത്രക്രിയയ്ക്കിടെ, വൻകുടലിൽ രണ്ട് ലോഹക്കഷണങ്ങളും വ്യത്യസ്ത വലിപ്പത്തിലുള്ള രണ്ട് കല്ലുകളും ഒന്നോ രണ്ടോ നഖങ്ങളും ഞങ്ങൾ കണ്ടു, ഞങ്ങൾ അദ്ദേഹത്തിന്റെ വയർ പൂർണമായും ശുദ്ധീകരിച്ചു''- ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ ഡോ. ബെനിസി പറഞ്ഞു. കുട്ടിക്കാലത്ത് ചിലയാളുകൾ ഭക്ഷ്യ യോഗ്യമല്ലാത്ത പദാർത്ഥങ്ങൾ കഴിക്കാറുണ്ടെന്നും മാനസിക രോഗികളിലും ഇത്തരം അവസ്ഥകൾ കാണാമെന്നും സർജൻ കൂട്ടിച്ചേർത്തു. എന്നാൽ യുവാവിന്റെ വയറ്റിൽ എങ്ങനെയാണ് ഇത്തരം വസ്തുക്കൾ എത്തിയത് എന്നതിനെ പറ്റി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നില്ല.
അമ്പരിപ്പിക്കുന്ന മറ്റൊരു സംഭവവും അടുത്തിടെയുണ്ടായി. യു.കെയിലെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി ടോയ്‌ലറ്റിൽ പോയതിന് ശേഷം പ്രസവിച്ചു. 20കാരിയായ ജെസ് ഡേവിസിന് അവൾ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു. ഇടയ്ക്കിടെയുണ്ടായിരുന്ന വയറുവേദന ആർത്തവത്തെ തുടർന്നാണെന്ന് അവൾ കരുതുകയും ചെയ്തു. ഗർഭകാല ലക്ഷണങ്ങളൊന്നും തന്നെ അവൾക്കുണ്ടായിരുന്നില്ല. ജൂൺ 11 ന് അവളൊരു ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. 'അവൻ ജനിച്ചപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു അത്, ഞാൻ ആദ്യം കരുതിയത് സ്വപ്നം കാണുകയായിരുന്നുവെന്നാണ്''- ജെസ് ഡേവിസ് പറഞ്ഞു.