ഭൂകമ്പത്തില്‍ ഉടമയും കുടുംബവും മരിച്ചതറിയാതെ തകർന്നുകിടക്കുന്ന വീട്ടിലേക്ക് നിത്യവുമെത്തുന്ന നായ്ക്കുട്ടി; ഹൃദയം തൊടുന്നൊരു കാഴ്ച
|ഇപ്പോള്‍ അയല്‍വാസികളുടെ സംരക്ഷണത്തിലാണ് നായ
ഒച്ച്കി: മനുഷ്യനോട് ഏറ്റവും സ്നേഹവും വിധേയത്വവും ഉള്ള മൃഗമാണ് നായകള്‍. അവയുടെ സ്നേഹത്തിന്‍റെ കഥകള്‍ പലവട്ടം നമ്മള്‍ കേട്ടിട്ടുമുണ്ട്...കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ആഴ്ച ലോകത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ കാണാതായ ഉടമയെയും കുടുംബത്തെയും തിരയുന്ന നായയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഉടമയും കുടുംബവും മരിച്ചതറിയാതെ ഭൂകമ്പത്തില്‍ തകര്‍ന്നു തരിപ്പണമായ വീട്ടിലേക്ക് എന്നും എത്തുന്നുണ്ട് ഈ നായ. നിത്യവുമെത്തി വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അവന്‍ തന്‍റെ പ്രിയപ്പെട്ടവരെ തിരയുന്ന കാഴ്ച ആരുടെയും കണ്ണ് നനയിക്കും. ഭൂകമ്പത്തില്‍ നായ്ക്കുട്ടിയുടെ ഉടമയുടെ കുടുംബത്തിലുള്ള എല്ലാവരും മരിച്ചിരുന്നു. ഇപ്പോള്‍ അയല്‍വാസികളുടെ സംരക്ഷണയിലാണ് നായ. സമീറ എസ്.ആര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് നായ്ക്കുട്ടിയുടെ ഹൃദയം തൊടുന്ന ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. 'ഈ നായ ഉൾപ്പെട്ട വീട്ടിലെ എല്ലാ ആളുകളും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു. ഭക്ഷണം നൽകാനും പരിപാലിക്കാനും അയൽക്കാർ ആണ് ഉള്ളത്. തകർന്ന വീട്ടിലേക്ക് അവൻ വീണ്ടും വന്ന് വിലപിക്കുന്നു. പക്തികയിലെ ഗയാനിലെ ഒച്ച്കി ഗ്രാമം' – ഫോട്ടോ ട്വീറ്റ് ചെയ്തുകൊണ്ട് സമീറ കുറിച്ചു.
ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2,000 പേർക്ക് പരിക്കേൽക്കുകയും 10,000 വീടുകൾ തകരുകയും ചെയ്തു.