വൈറ്റ്ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം
|മയാമി ഫെഡറൽ കോടതിയിൽ ചൊവ്വാഴ്ച ഹാജരാകുമെന്ന് ട്രംപ്
വാഷിങ്ടണ്‍: യുഎസ് മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ്ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകൾ സൂക്ഷിച്ചെന്നാണ് കേസ്. മയാമി ഫെഡറൽ കോടതിയിൽ ചൊവ്വാഴ്ച ഹാജരാകുമെന്ന് ട്രംപ് അറിയിച്ചു.
അതീവ രഹസ്യമെന്ന് അടയാളപ്പെടുത്തിയ രേഖകള്‍ ട്രംപിന്‍റെ ഫ്ലോറിഡയിലെ വസതിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന രേഖകള്‍ എന്നാണ് എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. ബൈഡന്‍ ഭരണകൂടം രണ്ടാം തവണയാണ് തനിക്കെതിരെ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഒരു മുൻ പ്രസിഡന്റിന് ഇങ്ങനെ സംഭവിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അമേരിക്കയില്‍ പ്രസിഡന്‍റ് പദവിയിലിരുന്ന ഒരാള്‍ക്കെതിരെ ആദ്യമായാണ് രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന്‍റെ പേരില്‍ നിയമ നടപടിയുണ്ടാകുന്നത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസിലും ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പോണ്‍ സ്റ്റാറുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് പണം നല്‍കിയെന്നാണ് കേസ്. എന്നാല്‍ ട്രംപ് കുറ്റം നിഷേധിച്ചു. തനിക്കെതിരായ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Summary- Former US President Donald Trump has been charged over his handling of classified documents after he left the White House. Trump faces seven charges including unauthorised retention of classified files.