ഇലോൺ മസ്‌കിന് സുപ്രധാന ചുമതല നൽകി ട്രംപ്; ഒപ്പം ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും
|സർക്കാരിൻ്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ തീരുമാനം.
വാഷിങ്ടൺ: വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്‌കിന് വരുന്ന ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല.
യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ വംശജന്‍ വിവേക് രാമസ്വാമിയും വകുപ്പിലുണ്ട്. ഇരുവരും ചേര്‍ന്നാണ് വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുക. 'ഡോഗ്' എന്നാണ് വകുപ്പിന്റെ ചുരുക്കപ്പേര്.
അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നിവ ഇവരുടെ ചുമതലകളിൽ ഉൾപ്പെടുന്നു. നേരത്തെ പ്രസിഡൻ്റ് സ്ഥാനാർഥിത്വത്തിലേക്ക് വിവേക് രാമസ്വാമിയെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ട്രംപിനായി വിവേക് വഴിമാറുകയായിരുന്നു.
സർക്കാരിൻ്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി അമേരിക്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാരായ ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് നേരത്തെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കിയിരുന്നു.
കൂടുതൽ കാര്യക്ഷമതയും കുറഞ്ഞ ഉദ്യോഗസ്ഥരുമുള്ളൊരു സര്‍ക്കാര്‍ അമേരിക്കയ്ക്കുള്ള മികച്ച സമ്മാനമായിരിക്കുമെന്നും അതിന് നമുക്ക് കഴിയുമെന്നും ഡോഗ് തീരുമാനം പ്രഖ്യാപിച്ച് ട്രംപ് വ്യക്തമാക്കുന്നു.
53 കാരനായ മസ്‌കും 39 കാരനായ രാമസ്വാമിയും സർക്കാരിന് പുറത്ത് നിന്ന് വൈറ്റ് ഹൗസിന് ഉപദേശവും മാർഗനിർദേശവും നൽകുമെന്ന് ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സർക്കാർ ചെലവുകളുടെ മേൽനോട്ടം മസ്‌കിന് നൽകുമെന്ന് പ്രചാരണ വേളയില്‍ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം പുതിയ സംവിധാനത്തിലൂടെ അഴിമതി കാണിക്കുന്നവര്‍ മാത്രം പേടിച്ചാല്‍ മതിയെന്നും സുതാര്യതയ്ക്കായി 'ഡോഗി'ന്റെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിൽ പോസ്റ്റുചെയ്യുമെന്നും ഇലോണ്‍ മസ്ക് വ്യക്തമാക്കി.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതിന് പിന്നാലെ മസ്കിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മസികിനെ 'സൂപ്പർ ജീനിയസ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നന്ദിപറയുകയും ചെയ്തിരുന്നു. ട്രംപിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഇലോൺ മസ്ക്, സുപ്രധാന സ്റ്റേറ്റായിരുന്ന പെൻസിൽവാനിയയിൽ ഉൾപ്പെടെ രണ്ടാഴ്ചയോളം പ്രചാരണം നയിച്ചിരുന്നു.