'ഡൊണാൾഡ് ട്രംപ് എന്നെ ബലാത്സംഗം ചെയ്തു, അപമാനിച്ചു'; ഗുരുതര ആരോപണവുമായി അമേരിക്കൻ എഴുത്തുകാരി
|1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്
വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ.ജീൻ കരോൾ. ട്രംപ് ബലാത്സംഗം ചെയ്തുവെന്നും തന്നെ അപമാനിച്ചെന്നും ജീൻ കരോൾ കോടതിയിൽ വെളിപ്പെടുത്തി. ട്രംപിനെതിരായ വിചാരണ വേളയിലാണ് ജീൻ കരോൾ മാൻ ഹട്ടൻ ഫെഡറൽ കോടതിയിൽ വെളിപ്പെടുത്തൽ നടത്തിയത്. 30 വർഷം മുമ്പ് മാൻ ഹട്ടിലെ ബെർഗ്‌ഡോർഫ് ഗുഡ്മാൻ അപ്പാർട്ട് മെന്റ് സ്റ്റോറിൽ വെച്ച് ട്രംപ് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം.
ഡ്രസിങ് റൂമിൽ വെച്ച് കടന്നുപിടിക്കുകയും പുറത്തുപറഞ്ഞാൽ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. അത് ഭയന്നാണ് താൻ ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും കരോൾ വ്യക്തമാക്കി. 79 കാരിയ ജീൻ കരോൾ എല്ലെ മാഗസിന്റെ അഡൈ്വസ് കോളമിസ്റ്റായിരുന്നു.1996 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2019ലാണ് കാരൽ ആദ്യമായി ട്രംപിനെതിരെ മാനനഷ്ട കേസ് നൽകിയിരുന്നു. എന്നാൽ ബലാത്സംഗ ആരോപണം അന്ന് ഉന്നയിച്ചിരുന്നില്ല. ന്യൂയോർക്കിൽ വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗത്തിനിരയായവർക്ക് കേസ് നൽകാൻ ഒരു വർഷത്തെ സമയം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാരലില് കേസ് നൽകിയത്.
അതേസമയം, ജീൻ കരോളിനെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും തികച്ചും കള്ളം പറയുകയാണെന്നും എന്നും ട്രംപ് പ്രതികരിച്ചു. പണവും പ്രശസ്തിയും ലക്ഷ്യം വെച്ചാണ് കേസെന്നും ട്രംപിന്റെ അഭിഭാഷകൻ വാദിച്ചു.
അതേസമയം, അവിഹിതബന്ധം പുറത്തുപറയാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയ കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. അമേരിക്കയിലെ മാൻഹാട്ടൻ ഗ്രാൻഡ് ജൂറിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. പോൺതാരം സ്‌റ്റോമി ഡാനിയൽസിന് 1.30 ലക്ഷം യു.എസ് ഡോളർ(ഏകദേശം 1.06 കോടി രൂപ) നൽകിയെന്ന കേസിലായിരുന്നു നടപടി.