World
Donald Trump says hush-money trial very hard on wife Melania,
World

'എന്റെ കേസും നൂലാമാലകളുമെല്ലാം അവളെയാണ് വേദനിപ്പിച്ചത്'; ഭാര്യയെ കുറിച്ച് ട്രംപ്

Web Desk
|
3 Jun 2024 8:07 AM GMT

ട്രംപും ഭാര്യ മെലനിയയും തമ്മിൽ നല്ല ബന്ധത്തിലല്ലെന്ന് സ്‌റ്റോമി ഡാനിയേൽസ് ആരോപിച്ചിരുന്നു

പോൺ താരവുമായുള്ള ബന്ധം മറച്ചു വയ്ക്കാൻ രേഖകൾ തിരുത്തിയ കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ക്രിമിനൽ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റുമായി ട്രംപ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ആരോപണങ്ങൾ തുടങ്ങിയത് മുതൽ ട്രംപ് ആവർത്തിച്ച കാര്യം.

ഇപ്പോഴിതാ കേസിനോടും ന്യൂയോർക്ക് കോടതിയുടെ വിധിയോടുമൊക്കെ വിശദമായി പ്രതികരിച്ചിരിക്കുകയാണ് ട്രംപ്. കേസും നൂലാമാലകളുമെല്ലാം തന്നെക്കാളേറെ ഭാര്യ മെലനിയ ട്രംപിനെയാണ് ബാധിച്ചതെന്നാണ് ട്രംപ് പറയുന്നത്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ.

"മെലനിയ സുഖമായിരിക്കുന്നു. പക്ഷേ എന്റെ കേസും വിചാരണയുമെല്ലാം അവളെ കാര്യമായി ബാധിച്ചിരുന്നു. ഒരുപക്ഷേ എന്നെക്കാളേറെ അതൊക്കെ ബാധിച്ചത് അവളെയാവും. കേസും ജയിലുമൊന്നും എനിക്ക് പുതിയ കാര്യമല്ല. പക്ഷേ ഞാൻ ജയിലിലായാൽ അത് കുടുംബവും പൊതുജനവും എങ്ങനെ സ്വീകരിക്കും എന്നറിയില്ല. എല്ലാ ആരോപണങ്ങൾക്കും നവംബറിൽ ഞാൻ പകരം വീട്ടും". ട്രംപ് പറയുന്നു.

മുൻ പോൺ താരം സ്‌റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമത്വം കാട്ടിയെന്നാണ് ട്രംപിനെതിരെയുള്ള കേസ്. ബന്ധം പുറത്തു പറയാതിരിക്കാൻ 1.30 ലക്ഷം ഡോളറാണ് ട്രംപ് നടിക്ക് നൽകിയത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഇത്.

കോടതിയിൽ ഹാജരായ സ്റ്റോമി 2006ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും പറഞ്ഞിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും എന്നാൽ വാഗ്ദാനം പാലിക്കപ്പെടില്ലെന്ന് മനസ്സിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നുമായിരുന്നു സ്റ്റോമി കോടതിയെ അറിയിച്ചത്. ട്രംപും ഭാര്യ മെലനിയയും തമ്മിൽ നല്ല ബന്ധത്തിലല്ലെന്നും സ്റ്റോമി ആരോപിച്ചിരുന്നു.

ജൂലൈ 11നാണ് ട്രംപ് കേസിൽ ന്യൂയോർക്ക് കോടതി വിധി പറയുക. റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുമ്പാണിത്. ട്രംപിനെതിരെയുള്ള കുറ്റങ്ങളെല്ലാം ന്യൂയോർക്കിൽ ഇ-ക്ലാസ് കുറ്റങ്ങളുടെ പരിധിയിൽ വരുന്നവയാണ്. ഓരോ കുറ്റത്തിനും നാലുവർഷം വരെ തടവ് ലഭിക്കാം.

Similar Posts