വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ 'പ്രതികാര' നികുതി ചുമത്തും- ഡൊണാൾഡ് ട്രംപ്
|ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം ഉന്നയിച്ചാണ് ട്രംപിന്റെ ഭീഷണി
ഇന്ത്യക്കെതിരെ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ 'പ്രതികാര' നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ഐക്കണിക്ക് ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം വീണ്ടും ഉന്നയിച്ചാണ് ട്രംപിന്റെ ഭീഷണി.
ഇന്ത്യയിലെ നികുതി നിരക്കുകൾ വളരെ ഉയർന്നതാണെന്ന് ഫോക്സ് ബിസിനസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു. ഇന്ത്യ പോലുള്ള രാജ്യവുമായി അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ട്രംപ് പറയുന്നത്. "അവർക്ക് 100 ശതമാനവും 150 ശതമാനവും 200 ശതമാനവും താരിഫുകൾ ഉണ്ട്. എന്നാൽ അവർ നിർമിക്കുന്ന ഒരു ബൈക്ക് നികുതിയും താരിഫും കൂടാതെ നമ്മുടെ വിപണിയിൽ സുഖമായി വിൽക്കാം. അതേസമയം, അമേരിക്കക്കാർ ഒരു ഹാർലി നിർമിച്ച് ഇന്ത്യയിലേക്ക് അയക്കുകയാണെങ്കിൽ ഭീമൻ താരിഫും ചുമത്തും. ഞങ്ങൾ പോയി ഇന്ത്യയിൽ ഒരു പ്ലാൻറ് നിർമിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിനു ശേഷം താരിഫ് ഉണ്ടാകില്ല"- ട്രംപ് പറഞ്ഞു.
യു.എസ് പ്രസിഡന്റായിരുന്ന ആദ്യ കാലയളവിൽ, ട്രംപ് ഇന്ത്യയെ താരിഫ് രാജാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. തുടർന്ന് യു.എസിലേക്കുള്ള ഇന്ത്യയുടെ മുൻഗണന പ്രവേശനം ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജി.എസ്.പി) അവസാനിപ്പിച്ചിരുന്നു. ഇന്ത്യ അങ്ങനെയൊരു സവിശേഷ മുൻഗണന യു.എസിന് നൽകുന്നില്ല എന്നാരോപിച്ചായിരുന്നു നടപടി.